ആലപ്പുഴ: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിന് നേരെ നടത്തിയ ആക്രമണം കരുതികൂട്ടിയുള്ളതാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. സാധാരണ അതിഥി തൊഴിലാളികള്‍ ഇത്തരത്തില്‍ സംഘര്‍ഷമുണ്ടാക്കാറില്ലെന്നും വിജയ് സാഖറെ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി.ഐ.ജിമാര്‍, ജില്ല പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്താം. ഇതര സംസ്ഥന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. അവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോയെന്ന് എന്ന് പരിശോധിക്കണം. ഇവര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും പൊലീസ് ഉറപ്പുവരുത്തണമെന്നുമാണ് അനില്‍കാന്ത് പറഞ്ഞിരുന്നത്.
അതേസമയം, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ സംസ്ഥാനാന്തര ഗൂഢാലോചന നടക്കുന്നതായി എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകളില്‍ അറസ്റ്റിന് കാലതാമസമുണ്ടാകുമെന്നും കൊല നടത്തി ഇതര സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതാണ് എസ്.ഡി.പി.ഐയുടെ രീതിയെന്നും വിജയ് സാഖറെ പറഞ്ഞു.
‘എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യുന്നവരില്‍ ആ പ്രദേശത്തുള്ളവര്‍ ഉണ്ടാകില്ല. പുറത്ത് നിന്നുള്ളവരായിരിക്കും സംഭവത്തിന് പിന്നില്‍. സംഭവത്തിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലെ ഒളിത്താവളങ്ങളില്‍ കഴിയും. ആ സമയങ്ങളില്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല.
ഒളിവില്‍ കഴിയുന്ന സമയമത്രയും ഇവര്‍ക്ക് സുരക്ഷയൊരുക്കാനും ആളുകളുണ്ടാവും. അതുകൊണ്ട് തന്നെ എസ്.ഡി.പി.ഐക്കാര്‍ പ്രതികളാവുന്ന കേസുകളില്‍ അറസ്റ്റിന് കാലതാമസമുണ്ടായിരിക്കും,’ വിജയ് സാഖറെ പറഞ്ഞു.