സിഡ്‌നി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ പകച്ച് ലോകത്തിലെ കുഞ്ഞന്‍ ദ്വീപുകളും. ഓസ്ട്രേലിയയുടെ ഭാഗമായ വെറും 2,188 ജനങ്ങള്‍ മാത്രം താമസക്കാരായുള്ള നോര്‍ഫോക്ക് ദ്വീപിന് 29% നികുതി ചുമത്തിയപ്പോള്‍ പെന്‍ഗ്വിനുകള്‍ മാത്രം താമസമുള്ള അന്റാര്‍ട്ടിക് ദ്വീപായ ഹേര്‍ഡ് ആന്‍ഡ് മാക്‌ഡൊണാള്‍ഡിന് 10% താരിഫാണ് ട്രംപ് ചുമത്തിയത്.
ട്രംപിന്റെ പ്രഖ്യാപനം വന്നപ്പോള്‍ കുഞ്ഞന്‍ ദ്വീപായ നോര്‍ഫിക്കിലെ നിവാസികളെല്ലാം തന്നെ അമ്പരപ്പിലായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കയറ്റുമതി മാത്രമുള്ള ഈ ചെറിയ പ്രദേശവും ആഗോളതലത്തിലെ വന്‍കിട കമ്പനികളോടൊപ്പം ഉള്‍പ്പെട്ടത് നാട്ടുകാരെ ആശ്ചര്യപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് 10% താരിഫ് ഉള്ളപ്പോഴാണ് നോര്‍ഫോക്കിന് 29% താരിഫ് ചുമത്തപ്പെട്ടത്.
കിഴക്കന്‍ ഓസ്ട്രേലിയയില്‍ നിന്ന് 600 മൈല്‍ അകലെയുള്ള ഈ ചെറിയ പ്രദേശത്ത് ട്രംപ് 29% ഉയര്‍ന്ന താരിഫ് പ്രഖ്യാപിച്ചപ്പോള്‍, അത് ഒരു അബദ്ധമായിരുന്നെന്ന് വിചാരിച്ചതായി നോര്‍ഫോക്ക് ദ്വീപ് നിവാസിയായ റിച്ചാര്‍ഡ് കോട്ടില്‍ പറഞ്ഞു.
തെക്കന്‍ പസഫിക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ്, ഒരു മില്യണ്‍ ഡോളറില്‍ താഴെ വിലയുള്ള കെന്റിയ ഈന്തപ്പന വിത്തുകളാണ് പ്രതിവര്‍ഷം കയറ്റി അയ്ക്കുന്നത്. ഇവരുടെ കയറ്റുമതി കൂടുതലായും യൂറോപ്പിലേക്കാണ്,
നോര്‍ഫോക്കിന് പുറമെ 10% താരിഫ് ചുമത്തപ്പെട്ട ഹേര്‍ഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപില്‍ മനുഷ്യവാസം പോലുമില്ല. എന്നിട്ടും യു.എസിലേക്കുള്ള കയറ്റുമതിക്ക് 10% താരിഫ് ചുമത്തപ്പെട്ടു.
കഴിഞ്ഞ തവണ താന്‍ നോക്കിയപ്പോള്‍, നോര്‍ഫോക്ക് ദ്വീപ് ഓസ്ട്രേലിയയുടെ ഭാഗമായിരുന്നെന്നും ഈ ‘പ്രത്യേക’ താരിഫ് അല്‍പ്പം വിചിത്രമായിരുന്നെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആല്‍ബനീസ് പറഞ്ഞു.
യു.എസ് ഗവണ്‍മെന്റ് ഡാറ്റ പ്രകാരം, കഴിഞ്ഞ മൂന്ന് വര്‍ഷമായി നോര്‍ഫോക്ക് ദ്വീപ് അമേരിക്കയ്ക്ക് വ്യാപാര കമ്മി രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ 300,000 ഡോളറിന്റെയും 2023 ല്‍ 700,000 ഡോളറിന്റെയും 2024 ല്‍ 200,000 ഡോളറിന്റെയും വിലവരുന്ന സാധനങ്ങള്‍ ഈ ദ്വീപ് യുഎസിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അതേ വര്‍ഷങ്ങളില്‍ യു.എസില്‍ നിന്നുള്ള ദ്വീപിലേക്കുള്ള ഇറക്കുമതി 100,000 ഡോളറായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlight: There is no escape anywhere in the world; Trump imposes 10% tariff on two islands with only penguins