അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യയിലെ ഭീകരാവസ്ഥയുടെ ഞെട്ടലില്‍ നിന്നും വിട്ട് മാറാനാകാതെ സകിയ ജഫ്രി. 21 വര്‍ഷം മുമ്പ് കലാപത്തിന്റെ ഭാഗമായി ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ 69 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ഇന്നും ഭയത്തോടെ ജീവിക്കുകയാണ് സകിയ. തന്റെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ആ ദിനത്തിന്റെ വാര്‍ഷിക വേളയില്‍ വിങ്ങുന്ന ഹൃദയവുമായി ഭവനത്തിന് മുന്നില്‍ എത്തുകയായിരുന്നു സകിയ.
ഒരു കാലത്ത് കളിയും ചിരിയും നിറഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട വീട് ഒരു വട്ടം നോക്കാനേ സകിയക്ക് സാധിച്ചുള്ളൂ. ഇവിടെ വെച്ചാണ് സകിയയുടെ പങ്കാളിയും കോണ്‍ഗ്രസ് മുന്‍ എം.പി കൂടിയായ ഇഹ്‌സാന്‍ ജഫ്രിയെ അക്രമികള്‍ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയത്.
സകിയ ജഫ്രിക്കൊപ്പം പൊള്ളുന്ന ഓര്‍മകളുമായി മകള്‍ നിഷ്‌റിന്‍ ജഫ്രി ഹുസൈനും മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സെഡ്രിക് പ്രകാശും ഉണ്ടായിരുന്നു.
‘അബ്ബയോടൊപ്പം ജീവിച്ച കാലത്തെ ഓര്‍മകളാണ് ഉമ്മയില്‍ നിറയെ. അഹമ്മദാബാദിലേക്ക് വരാന്‍ ഉമ്മയ്ക്ക് ആദ്യം പേടിയായിരുന്നു. ഞാന്‍ കൂടെ വരാമെന്ന് അറിയിച്ചപ്പോഴാണ് വരാന്‍ സമ്മതിച്ചത്, നിഷ്‌റിന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
തങ്ങളുടെ വീട്ടിലെ പൂക്കളെകുറിച്ചും അവിടെ ജനലരികിലിരുന്ന് സൂചി കോര്‍ക്കുന്നതിനെക്കുറിച്ചും അമ്മ എപ്പോഴും ആലോചിക്കാറുണ്ടെന്നും പിതാവിനെക്കുറിച്ചോര്‍ത്ത് താന്‍ കരയുന്നത് കുറവാണെന്നും നിഷ്‌റിന്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിന്റെ അവസാന മണിക്കൂറുകളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് അദ്ദേഹത്തിനറിയാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും മറ്റ് മന്ത്രിമാര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കിയെതിനെ ചോദ്യം ചെയ്ത് കൊണ്ട് സകിയ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ ഹരജി തള്ളുകയും ചെയ്തു. ഹരജി തള്ളിയതിന് ശേഷം ആദ്യമായാണ് സകിയ വീട് സന്ദര്‍ശിക്കാന്‍ വരുന്നത്. ഇതിന് മുമ്പ് 2012 ഫെബ്രുവരി 28നാണ് സകിയ ഇവിടെയെത്തിയത്.
സുപ്രീം കോടതി വിധിക്ക് തൊട്ട്പിന്നാലെ ബില്‍ക്കിസ് ബാനു ബലാംത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടത് മനുഷ്യ മനസാക്ഷിയെ ഉണര്‍ത്തുമെന്നും ഈ വിഷയങ്ങളില്‍ ആരും കൃത്യമായി നിലപാടെടുക്കുന്നില്ലെന്നും നിഷ്‌റിന്‍ പറഞ്ഞു.
പ്രദേശ വാസികളുടെ ഓര്‍മകളില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിക്ക് വര്‍ണാഭമായ മുഖമാണെങ്കിലും ഇപ്പോള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി പ്രേത ഭൂമി പോലെയാണ്.
വംശഹത്യയോടെ ഉപേക്ഷിച്ച സകിയയുടെ വീട് ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഗ്രില്ലുകള്‍ തുരുമ്പിച്ചും മുറ്റം നിറയെ കുറ്റിച്ചെടികള്‍ നിറഞ്ഞുമുള്ള അവസ്ഥയാണിപ്പോള്‍. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ വീടുകളുടെയെല്ലാം അവസ്ഥ ഇത് തന്നെയാണ്.