| Friday, 24th June 2022, 9:17 pm

ഐ.പി.എല്ലില്‍ നിന്നും സമ്പാദിച്ചതൊക്കെ ബി.സി.സി.ഐ കപ്പലണ്ടി വാങ്ങിച്ച് തീര്‍ത്തോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന ചരിത്രങ്ങളില്‍ ഇടമുള്ള ടൂര്‍ണമെന്റാണ് രഞ്ജി ട്രോഫി. ഇന്ത്യന്‍ ടീമിലേക്ക് ഒരുപാട് താരങ്ങളെ സംഭാവന ചെയ്യാന്‍ രഞ്ജി ട്രോഫിക്ക് സാധിച്ചിട്ടുണ്ട്. ഈ കൊല്ലത്തെ രഞ്ജി ട്രോഫി ഫൈനല്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

മുംബൈയും മധ്യപ്രദേശുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഫൈനല്‍ പോലെയൊരു വലിയ മത്സരത്തില്‍ ഡിസിഷന്‍ റിവ്യു സിസ്റ്റം ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഫൈനലിലും ഡി.ആര്‍.എസ്. ഇല്ലായിരുന്നു.

ക്രിക്കറ്റ് ഒരുപാട് വളര്‍ന്ന ഈ കാലത്ത് ഡി.ആര്‍.എസ് ഇല്ലാത്തത് എന്താണ് എന്ന ചോദ്യത്തിന് ബി.സി.സി.ഐ ഒഫീഷ്യലിന്റെ മറുപടി ഇങ്ങനെയായിരുന്നു,’ ഞങ്ങളുടെ അമ്പയര്‍മാരെ ഞങ്ങള്‍ക്ക് നല്ല വിശ്വാസമാണ്,”.

മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന മുംബൈയുടെ സര്‍ഫറാസ് ഖാനെതിരെ മധ്യപ്രദേശ് താരങ്ങള്‍ എല്‍.ബി.ഡബ്ല്യുവിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അമ്പയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡി.ആര്‍എസ് ഇല്ലാത്തതിനെ തുടര്‍ന്ന് ബി.സി.സി.ഐക്ക് നേരെ ചോദ്യമുയരുന്നത്.

പേരുവെളിപ്പെടുത്താത്ത ഒരു മുന്‍ കളിക്കാരന്‍ പറയുന്നത് അമ്പയര്‍മാരായ കെ.എന്‍. അനന്തപദ്മനാഭന്‍, വിരേന്ദര്‍ ശര്‍മ എന്നീ മികച്ച അമ്പയര്‍മാരാണ് കളി നിയന്ത്രിക്കുന്നതെന്നും അവരെ വിശ്വസിക്കണമെന്നുമാണ്.

‘ഡി.ആര്‍.എസ് ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമാണ്. ഫൈനലില്‍ ഡി.ആര്‍.എസ് ഇല്ലെങ്കില്‍ അത് എങ്ങനെ കാര്യമാക്കും. ഞങ്ങള്‍ അമ്പയര്‍മാരെ വിശ്വസിക്കുന്ന സമയമാണിത്. ഇന്ത്യയുടെ രണ്ട് മികച്ച അമ്പയര്‍മാരാണ് ഈ കളി നിയന്ത്രിക്കുന്നത്. പിന്നെ അന്തിമഫലം എന്താണ്? നിങ്ങള്‍ ഇത് ഫൈനലില്‍ ഉപയോഗിക്കുകയാണെങ്കില്‍, ലീഗ് ഘട്ടങ്ങളിലും അത് ഉപയോഗിക്കണമായിരുന്നു,” താരത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മീഡിയ റൈറ്റ്സ് 48,340 കോടി രൂപയ്ക്ക് വില്‍ക്കുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും സമ്പന്നമായ ബോര്‍ഡ് ബി.സി.സി.ഐ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്സ് വിറ്റ് കിട്ടുന്ന പണം മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കാന്‍ ബോര്‍ഡ് നോക്കുകയാണെന്നും സംസ്ഥാന അസോസിയേഷനുകള്‍ക്കും വലിയൊരു തുക അനുവദിക്കുമെന്നും ബി.സി.സി.ഐ തലവന്‍ സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു.

Content Highlights: There is no DRS in Ranji Trophy Final

We use cookies to give you the best possible experience. Learn more