| Saturday, 5th April 2025, 9:59 pm

വഖഫ് ബില്ലില്‍ മെത്രാന്‍ സമിതി ചെയ്തത് പോലെ, ചര്‍ച്ച് ബില്ലില്‍ മുസ്‌ലിം നേതൃത്വം പെരുമാറിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എന്താണ് തോന്നുക?: ഫാ. അജി പുതിയാപറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാന്‍ കേരളത്തിലെ എം.പി. മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്ന് ഫാദര്‍ അജി പുതിയാപറമ്പില്‍. അതീവ സെന്‍സിറ്റീവായ വഖഫ് വിഷയത്തില്‍ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നതെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്നും ഫാദര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

വഖഫ് ബില്ലിന്റെ സ്ഥാനത്ത് ചര്‍ച്ച് ബില്‍ ആയിരുന്നു എന്ന് കരുതുക. മെത്രാന്‍ സമിതി ചെയ്തതുപോലെ ഇവിടുത്തെ മുസ്‌ലിം നേതൃത്വം പെരുമാറിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എന്താണ് തോന്നുക? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ആ ബില്ലില്‍ സഭാ സ്വത്തുക്കളുടെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ അക്രൈസ്തവരായ രണ്ടു പേര്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുസ്‌ലിം സമൂഹം അതിനെ ശക്തമായി പിന്തുണച്ചാല്‍ അവരോട് ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് സൗഹൃദം തോന്നുമോയെന്നും ഫാദര്‍ ചോദിച്ചു.

ഇനി മുതല്‍ അക്രൈസ്തവരായ ആരും ക്രൈസ്തവര്‍ക്ക് സ്വത്ത് ദാനം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥ ആ നിയമത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും അവര്‍ അതിനെ പിന്തുണച്ചാല്‍ എന്തായിരിക്കും നമ്മുടെ നിലപാടെന്നും അദ്ദേഹം കുറിച്ചു.

എന്നാല്‍ മനസ്സിലാക്കുക; നിലവില്‍ പാസായ വഖഫ് ബില്ലില്‍ (Unified Waqf Management Enforcement Efficiency Development (UMEED)) മേല്‍പറഞ്ഞ ഭരണഘടനാ വിരുദ്ധമായതും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ വകുപ്പുകള്‍ ഉണ്ടെന്നും നിയമത്തിന്റെ കരട് വായിക്കാതെയാണോ മെത്രാന്‍മാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതെന്നും ആകാന്‍ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബില്ലിനെ പിന്തുണയ്ക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടതിലൂടെ വളരെ അപകടകരമായ ഒരു രാഷ്ട്രീയ സാമുദായിക വിഭജന ഫോര്‍മുലയാണ് കെ.സി. ബി.സി പാര്‍ലമെന്റ് അംഗങ്ങളുടെ മുന്നില്‍ വച്ചത്. ഒന്നുകില്‍ ഞങ്ങളോടൊപ്പം, അല്ലെങ്കില്‍ അവരോടൊപ്പം ഇങ്ങനെയൊരു വിഭജന സമവാക്യം വേണമായിരുന്നോ. രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുടെയോ തലയിലുദിച്ച അവിവേകമാണിത്. കഷ്ടം. ഒന്നു ചിന്തിക്കുക,’ ഫാദര്‍ കുറിച്ചു.

ഒരു ദേശീയ പാര്‍ട്ടിക്ക് പ്രാദേശിക വിഷയങ്ങളെ മാത്രം അടിസ്ഥാനമാക്കി തീരുമാനം എടുക്കാന്‍ പറ്റുമോയെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശം ആഗോള കത്തോലിക്കാ സഭ അതുപോലെ കണക്കിലെടുക്കണം എന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഇവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ പോലും മെത്രാന്‍ സമിതിയുടെ അഭ്യര്‍ഥന നിരസിച്ചുവെന്നും ഇങ്ങനെ ഒരു സാഹചര്യം തീര്‍ത്തും ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി ബില്‍ ഒരു ക്രിസ്ത്യന്‍ മുസ്‌ലിം പ്രശ്‌നമായി കേരളത്തില്‍ അവതരിപ്പിക്കാനും അതിലൂടെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും ആരൊക്കെയോ ആഗ്രഹിച്ചിരുന്നു എന്നു വേണം കരുതാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരതിന്റെ സ്‌ക്രിപ്റ്റും സെറ്റും തയ്യാറാക്കിയെന്നും അറിഞ്ഞോ അറിയാതെയോ, കെ.സി.ബി.സിയും അതിന്റെ ഭാഗമായെന്നും വഖഫ് ബോര്‍ഡുമായി കേസുകള്‍ നടത്തുന്നത് ക്രിസ്ത്യാനികള്‍ മാത്രമാണോയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയില്‍ വഖഫ് ബോര്‍ഡിനെതിരെ 40,000ത്തിലധികം കേസുകളുണ്ടെന്നും (40951) അതില്‍ പതിനായിരത്തോളം കേസുകള്‍ (9942) മുസ് ലിം കമ്മ്യൂണിറ്റിയില്‍ നിന്നാണെന്നും കേരളത്തിലും വിവിധ മതങ്ങളിലും പാര്‍ട്ടികളിലും പെട്ടവര്‍ വഖഫ് ബോര്‍ഡുമായി കേസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പത്തുമുണ്ട് വിവിധ മതങ്ങളിലുള്ളവരെന്നും നിലവിലെ വഖഫ് നിയമത്തില്‍ ചില ഭേദഗതികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് അവരൊക്കെയെന്നും ഇതൊന്നും അറിയാതെയും പഠിക്കാതെയുമാണോ മെത്രാന്‍ സമിതി ഈ വിഷയത്തില്‍ ഇടപെട്ടതെന്നും ഫാദര്‍ ചോദിച്ചു.

ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതിന് പിന്നില്‍ മുനമ്പം ജനതയുടെ പ്രശ്‌നം പരിഹരിക്കുക മാത്രമായിരുന്നോ ലക്ഷ്യം എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമോയെന്നും പ്രതിപക്ഷം എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട് എന്നത് ഏത് രാഷ്ട്രീയ വിദ്യാര്‍ഥിക്കും അറിയുന്ന കാര്യമല്ലേയെന്നും അദ്ദേഹം പറഞ്ഞു.

എന്നിട്ടും എന്തുകൊണ്ടാണ് വളരെ അപകടം നിറഞ്ഞതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ സാമുദായിക ധ്രുവീകരണ ഫോര്‍മുലമായി കെ.സി.ബി.സി. മുന്നോട്ട് വന്നതെന്നും അതറിയാന്‍ ഓരോ കത്തോലിക്കാ വിശ്വാസിയും താല്‍പര്യപ്പെടുന്നുണ്ടെന്നും ഫാ. അജി പുതിയാപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: There is no doubt that the Kerala Catholic Bishops’ Committee’s stand in supporting the Waqf Bill is complete political bankruptcy: Fr. Aji Puthyaparambil

We use cookies to give you the best possible experience. Learn more