തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയില്ലെന്ന് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്ത് കുമാറാണ് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയത്. 600 പേജുകളുള്ള റിപ്പോര്‍ട്ടില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെതിരെ വിമര്‍ശനമുണ്ടെങ്കിലും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളില്ലെന്നാണ് വിവരം.
പൂരം കലക്കിയതില്‍ ഗൂഢാലോചനയില്ല, മറിച്ച് പൂരത്തിലെ ഡ്യൂട്ടിക്കായി നിയോഗിച്ച ചില ഉദ്യോഗസ്ഥര്‍ക്ക് പരിചയക്കുറവ് ഉണ്ടായിരുന്നു. കൂടാതെ മുന്നൊരുക്കങ്ങളിലെ പാളിച്ചയും പൂരം അലങ്കോലപ്പെടാന്‍ കാരണമായെന്ന് റിപ്പോട്ടില്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ പൂരത്തിന് സുരക്ഷ ഒരുക്കിയതിന്റെ ചിത്രങ്ങളും റിപ്പോട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പൂരത്തിലെ ചില ചടങ്ങുകള്‍ തുടങ്ങാന്‍ വൈകിയതും പ്രതിഷേധത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. അല്ലാതെ പൊലീസോ ദേവസ്വം അധികൃതരോ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനവും റിപ്പോട്ടിലുണ്ട്. ഒരു മലയാളിയായിരുന്നിട്ടും ഉത്സവത്തിന്റെ ചടങ്ങുകള്‍ എങ്ങനെയാണ് നടത്തേണ്ടത് എന്ന കാര്യം ഉദ്യോഗസ്ഥന്‍ മനസ്സിലാക്കിയില്ലെന്നും പൊതുജനങ്ങളോട് കമ്മീഷണര്‍ നല്ലരീതിയില്‍ പെരുമാറിയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
സാധാരണ പൂരം നടക്കുന്ന വേളയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ജനപ്രതിനിധികളും പൊലീസും സംസാരിച്ച് കാര്യങ്ങള്‍ പരിഹരിച്ചിരുന്നെന്നും എന്നാല്‍ ഇത്തവണ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അന്വേഷണത്തിന് ഉത്തരവിട്ട് അഞ്ച് മാസത്തിന് ശേഷമാണ് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് മെസഞ്ചര്‍ വഴിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പി പരിശോധിക്കുമെന്നാണ് സൂചന.
എന്നാല്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയില്ലെന്ന് വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു. കമ്മീഷണര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ പൂരം കലക്കാനാവില്ലെന്ന് പറഞ്ഞ സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: There is no conspiracy behind Thrissur pooram issue