മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി താന്‍ പൂനെയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതില്‍ മഹാ വികാസ് അഘാഡിയില്‍ യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പവുമില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗം തങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മഹാ വികാസ് അഘാഡി ഐക്യത്തിലാണ്, ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗം ഓഗസ്റ്റ് 31 സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ ഞങ്ങള്‍ വിജയകരമായി സംഘടിപ്പിക്കും,’ മാധ്യമങ്ങളോട് സംസാരിക്കവെ പവാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മരുമകന്‍ അജിത് പവാറുമായി ശരദ് പവാര്‍ പൂനെയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാറുമായി നടത്തിയ കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം മാറ്റണമെന്ന് മഹാ വികാസ് അഘാഡി ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാ വികാസ് അഘാഡിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും തങ്ങളെല്ലാവരും ഐക്യത്തിലാണുള്ളതെന്നും പവാര്‍ പറഞ്ഞു.
‘മഹാ വികാസ് അഘാഡിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. ഞങ്ങളെല്ലാവരും ഐക്യത്തിലാണ്. ഇന്ത്യ സഖ്യത്തിന്റെ യോഗം ഞങ്ങള്‍ വിജയകരമായി നടത്തും. ഞാനു ഉദ്ധവ് താക്കറെയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാന പട്ടോലയും ഇന്ത്യ സഖ്യത്തിന്റെ യോഗം നടത്താനുള്ള ചുമതല ഏറ്റെടുത്തു,’ ശരദ് പവാര്‍ വ്യക്തമാക്കി.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും ബി.ജെ.പിയുമായി യോജിച്ചു നില്‍ക്കുന്ന മഹാ വികാസ് അഘാടിയിലെ വിമതരുമായി എന്‍.സി.പിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീം കോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച എന്‍.സിപി. നേതാവ് നവാബ് മാലിക്കുമായി സംസാരിക്കുമെന്നും പവാര്‍ പറഞ്ഞു.
ബി.ജെ.പിയില്‍ പോകില്ലെന്ന് കഴിഞ്ഞ ദിവസം ശരദ് പവാര്‍ പറഞ്ഞിരുന്നു. ചില അഭ്യുദയകാംക്ഷികള്‍ തന്നെ ബി.ജെ.പിയില്‍ ചേരുന്നതിനായി പ്രേരിപ്പിക്കുന്നുണ്ടെന്നും ബി.ജെ.പിയുമായുള്ള ഒരു ബന്ധവും എന്‍.സി.പി രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ പവാര്‍ പറഞ്ഞിരുന്നു.
‘എന്‍.സി.പി അധ്യക്ഷനെന്ന നിലയില്‍ എന്റെ പാര്‍ട്ടി ബി.ജെ.പിയോടൊപ്പം പോകില്ലെന്ന് ഞാന്‍ വ്യക്തമാക്കുകയാണ്. ബി.ജെ.പിയുമായുള്ള ഒരു ബന്ധവും എന്‍.സി.പിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ല,’ എന്നായിരുന്നു പവാര്‍ പറഞ്ഞത്.
കുടുംബത്തിലെ ഒരംഗമെന്ന നിലയിലാണ് അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചിരുന്നു.
‘അവന്‍ എന്റെ മരുമകനാണ്, എന്റെ മരുമകനുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്? കുടുംബത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ ഞാന്‍ കുടുംബത്തിലെ മറ്റൊരു അംഗത്തെ കാണുന്നു. അതില്‍ ഒരു പ്രശ്നവുമില്ല,’ ശരദ് പവാര്‍ പറഞ്ഞു.
Content Highlights: There is no confusion in maha vikas akhadi ; sharad pawar