എന്നെ ഇന്ത്യൻ ടീമിൽ എടുത്തില്ലെങ്കിൽ ഞാൻ പോയി ദൽഹിക്കായിട്ട് കളിക്കും: വിരാട്
Cricket news
എന്നെ ഇന്ത്യൻ ടീമിൽ എടുത്തില്ലെങ്കിൽ ഞാൻ പോയി ദൽഹിക്കായിട്ട് കളിക്കും: വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th February 2023, 8:42 pm

ബോർഡർ-ഗവാസ്കർ ട്രോഫിയിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിച്ച ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ 263 റൺസെടുത്ത്‌ പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം 262 റൺസിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 113 റൺസിന് ഒതുക്കാൻ കഴിഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ വിജയം അനായാസമായത്.
115 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യൻ ടീം ആറ് വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.


31 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 31 റൺസെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വർ പുജാര എന്നിവരുടെ ബാറ്റിങ്‌ മികവിലാണ് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നത്.

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി ബാറ്റിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെച്ച വിരാടിന് ഒട്ടേറെ അഭിനന്ദനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ലഭിച്ചിരുന്നത്. കൂടാതെ താരം രാജ്യാന്തര ക്രിക്കറ്റിൽ 25,000 റൺസും ബോർഡർ-ഗവാസ്കർ പരമ്പരക്കിടെ സ്വന്തമാക്കിയിരുന്നു.

പക്ഷെ ടീമിൽ തന്റെ സ്ഥാനം ഇപ്പോൾ സുരക്ഷിതമല്ലെന്നും നിരവധി പ്രതിഭാധനരായ യുവ താരങ്ങൾ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം കാത്തിരിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് വിരാടിപ്പോൾ.

ഐ.പി.എൽ ടീമായ ആർ.സീ.ബി നടത്തുന്ന പോഡ്കാസ്റ്റിങ്‌ പരമ്പരയിലാണ് വിരാട് ടീമിലെ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചത്.
“2012ൽ ഞാൻ പെർത്തിൽ കളിക്കാൻ പോകുമ്പോൾ അവിടുത്തെ പിച്ച് പുല്ല് മൂടിയതായിരുന്നു. അവിടെ ബാറ്റ് ചെയ്യുകയെന്നത് കഠിനമായ പ്രക്രിയയായിരിക്കുമെന്ന് അപ്പൊഴേ എനിക്ക് മനസ്സിലായിരുന്നു.

അത് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട മത്സരമായിരുന്നു. അവിടെ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ഞാൻ ടീമിന് പുറത്താകുമായിരുന്നു. അങ്ങനെയെങ്കിൽ ഞാൻ ദൽഹിക്കായിട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്‌ കളിച്ചേനെ,’ വിരാട് പറഞ്ഞു.

“ഓസീസിനെതിരെ കളിക്കുമ്പോൾ എനിക്ക് നിറയേ പേടിയും സംശയങ്ങളുമായിരുന്നു. എനിക്ക് നന്നായി കളിക്കാൻ കഴിയുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 48 റൺസും രണ്ടാം ഇന്നിങ്‌സിൽ 75 റൺസും സ്കോർ ചെയ്യാൻ സാധിച്ചതോടെ എനിക്ക് ആത്മവിശ്വാസം കൂടി,’ വിരാട് കൂട്ടിച്ചേർത്തു.

അതേസമയം ഒരു സമനില കൂടി നേടിയാൽ ബോർഡർ-ഗവാസ്കർ ട്രോഫി ടീം ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിക്കും. പരമ്പര നേടാനായാൽ മാത്രമേ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കൂ.

 

Content Higlights: There is no chance for me in indian team , I will have to return to first-class cricket – Virat Kohli