കൊച്ചി: കണ്ണൂർ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പങ്കാളി മഞ്ജുഷ നല്‍കിയ ഹരജി തള്ളിയാണ് കോടതി വിധി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സത്യസന്ധവും നീതിപൂര്‍വകവുമായ അന്വേഷണം തുടരുമെന്നും കോടതി നിര്‍ദേശിച്ചു. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു.
കോടതി വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും മഞ്ജുഷ പറഞ്ഞു.
നിലവില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വിധിയാണ് വന്നിരിക്കുന്നത്. നേരത്തെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നവീനെതിരെ കൈക്കൂലിയടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ചെങ്ങളായിയിലുള്ള ഒരു വ്യക്തി പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സിക്ക് വേണ്ടി പല തവണ എ.ഡി.എമ്മിനെ ബന്ധപ്പെട്ടിരുന്നെന്നും താന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അതിനായി അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു പി.പി. ദിവ്യ പറഞ്ഞത്.
ഒരുപാട് നടത്തിച്ചതിന് ശേഷമാണ് ആ വ്യക്തിക്ക് പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സി നല്‍കിയതെന്നും അത് എങ്ങനെയാണ് നല്‍കിയതെന്ന് തനിക്കറിയാമെന്നും ദിവ്യ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്ക്കെതിരെ കേസ് എടുത്തിരുന്നു. ബി.എന്‍.എസിലെ 108(ബി) വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. നവീനിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം പരാതിയില്‍ ഉന്നയിച്ചിരുന്നു. നിലവില്‍ പി.പി. ദിവ്യ ജാമ്യത്തില്‍ കഴിയുകയാണ്.
Content Highlight: There is no CBI investigation into Naveen Babu’s death; Highcourt verdict