ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിലെ പാരാജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ വിജയത്തോടെ തിരിച്ചു വന്നിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് സ്വന്തമാക്കിയപ്പോൾ, വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനെ സാധിച്ചിരിന്നുള്ളൂ.
57 റൺസെടുത്ത റുതുരാജ് 47 റൺസെടുത്ത കോൺവേ എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ 217 റൺസ് എന്ന പടുകൂറ്റൻ സ്കോർ കെട്ടിപ്പടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിനായി മയേഴ്സ്, നിക്കോളാസ് പൂരാൻ എന്നിവർ മികവോടെ ബാറ്റ് ചെയ്തെങ്കിലും വിജയത്തിന് 12 റൺസ് അകലെ ടീം വീണ് പോവുകയായിരുന്നു.
എന്നാലിപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർ ക്യാപ്റ്റനായ ധോണിയെക്കാൾ മികച്ച ക്യാപ്റ്റനൊന്നും ഇന്ത്യൻ ടീമിലില്ല എന്ന് പ്രസ്താവിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്.
ഐ.പി.എൽ സംബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കവെ സ്റ്റാർ സ്പോർട്സിനോടാണ് മുഹമ്മദ് കൈഫ് ധോണിയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“ചെന്നൈയിൽ പോയി സി.എസ്. കെയെ തോൽപ്പിക്കുക എന്നത് നിസാരമായ ഒരു കാര്യമല്ല. അതിൽ വലിയ പ്രയാസമുണ്ട്. ചെപ്പക്ക് സി.എസ്.കെയുടെ കോട്ട തന്നെയാണ്,’ കൈഫ് പറഞ്ഞു.
“സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണിത്. അതിനാൽ തന്നെ എം.എസ് ധോണിയെക്കാൾ മികച്ച ഒരു ക്യാപ്റ്റനെ ഒരു ടീമിനും അവിടെ ഇനി ലഭിക്കാനില്ല. ഇത്തവണ മികച്ച സ്പിന്നർമാർ കൈവശമുള്ള ചെന്നൈയെ തോൽപ്പിക്കുക എന്നത് അസംഭവ്യം തന്നെയാണ്,’ കൈഫ് കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസുമായാണ് ചെന്നൈയുടെ അടുത്ത മത്സരം.