| Sunday, 10th March 2019, 6:46 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും; ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 17മത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒറീസ എന്നീ സംസ്ഥാനങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക.

എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ആറോറ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തിയ്യതി പ്രഖ്യാപിക്കാത്തതെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി ജമ്മു കശ്മീരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ല.


അതേസമയം, ജമ്മു കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ രണ്ടു ദിവസത്തെ സന്ദര്‍ശത്തിന് സംസ്ഥാനത്തെത്തിയ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘത്തിനു മുന്നിലായിരുന്നു ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

സുരക്ഷ ഉറപ്പാക്കി ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, സി.പി.ഐ.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടിക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുക്കെപ്പെട്ട ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടത് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് കമീഷനോട് വ്യക്തമാക്കിയതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നസിറ അസ്‌ലാം വാണി പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുുപ്പ് നടത്തുന്നില്ലെങ്കില്‍ അത് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വാണി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ജനാധിപത്യ സര്‍ക്കാരിനെ ഉടന്‍ പുനസ്ഥാപിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പും ഒപ്പം നടത്തണമെന്ന് മുഹമ്മദ് യൂസഫ് തരിഗാമിയുടെ നേതൃത്വത്തിലുള്ള സി.പി.ഐ.എം പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.


എത്രയും വേഗം നിയസഭാ തെരഞ്ഞെടുപ്പ് നടത്തി ജനകീയ സര്‍ക്കാരിന് അധികാരം കൈമാറണമെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ റഹ്മാന്‍ വീരി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. ആദ്യ ഘട്ടം ഏപ്രില്‍ 11നാണ്. ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നീ തിയ്യതികളിലാണ് ബാക്കിയുള്ള ആറ് ഘട്ട പോളിങ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്.

We use cookies to give you the best possible experience. Learn more