ബി.ജെ.പിക്കൊപ്പം നില്‍ക്കല്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കലാണ്; കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ജെ.ഡി.എസ്
ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ജനതാദള്‍ എസ്. ബി.ജെ.പി സര്‍ക്കാരിനെ ജെ.ഡി.എസ് പിന്തുണച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് നിലപാട് പ്രഖ്യാപിച്ച് എച്ച്.ഡി ദേവഗൗഡയും എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തിയത്.
ബി.ജെ.പിക്കൊപ്പം നില്‍ക്കുകയെന്നാല്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കലാണെന്ന് ജെ.ഡി.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒരു വിഭാഗം ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ മന്ത്രി ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ സ്വാഗതം ചെയ്ത ബി.ജെ.പി, ജെ.ഡി.എസ് ഔദ്യോഗികമായി പിന്തുണ അറിയിച്ചാല്‍ പരിഗണിക്കമെന്നും വ്യക്തമാക്കിയിരുന്നു.
കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതിനു പിന്നാലെ ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കിടയില്‍ ഭാവി തീരുമാനം സംഭവിച്ച് ഭിന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച രാത്രി കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ബി.ജെ.പി സര്‍ക്കാറിനെ പിന്തുണയ്ക്കാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
‘നമ്മള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രതിപക്ഷത്തിരിക്കണമെന്ന് ചിലര്‍ നിര്‍ദേശിച്ചു. ബി.ജെ.പിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കാമെന്ന നിലപാടിലാണ് മറ്റു ചിലര്‍’ എന്നാണ് ജി.ടി ദേവഗൗഡ പറഞ്ഞത്.
തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസ വോട്ട് തേടുന്നത്. ഇതിനു മുന്നോടിയായി യെദിയൂരപ്പ ഇന്ന് ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
വൈകീട്ട് മൂന്നിനു വിധാന്‍ സൗധയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിസഭാ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. വിശ്വാസ വോട്ടിനൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.