കാസര്‍ഗോഡ്: കാസര്‍ഗോഡ് തൃക്കണ്ണാടില്‍ മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധനം. കടല്‍ക്ഷോഭം രൂക്ഷമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിക്കുന്നത്.
ഇത്രയും വര്‍ഷമായിട്ടും കടലാക്രമണത്തില്‍ പരിഹാരം കാണാന്‍ ആര്‍ക്കും സാധിച്ചില്ലെന്നും അതുകൊണ്ട് തന്നെ ശാശ്വത പരിഹാരത്തിനുള്ള ഉറപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് കിട്ടണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കളക്ടറെത്താതെ ഉപരാധത്തില്‍ നിന്ന് മാറില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
അതേസമയം ഗതാഗതം തടസം ആരാപിച്ച് പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോട് ഉപരോധം സംഘര്‍ഷാവസ്ഥയിലേക്കെത്തി. ഉച്ചയ്ക്ക് രണ്ടരയോട് കൂടി സംഭവസ്ഥലത്ത് കളക്ടറെത്തുമെന്നും അതുകൊണ്ട് ഗതാഗതം പുനസ്ഥാപിക്കാന്‍ വേണ്ടി ഉപരോധം അവസാനിപ്പിക്കണമെന്ന് പൊലീസ് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പൊലീസിന്റെ അനുനയ ശ്രമത്തിനിടെ, റോഡില്‍ നിന്ന് മാറില്ലെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് പൊലീസുമായി വാക്ക് തര്‍ക്കമുണ്ടായി. സ്ഥലത്തേക്ക് കൂടുതല്‍ മത്സ്യത്തൊഴിലാളികളെത്തി കൊണ്ടിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം നടന്ന കടലാക്രമണത്തില്‍ വള്ളത്തിന്റെ സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം തകര്‍ന്ന് വീണിരുന്നു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ, പണിയായുധങ്ങള്‍ തുടങ്ങിയവ ഇവിടെയാണ് സൂക്ഷിക്കുന്നത്. 4 മുറികളുള്ള കെട്ടിടത്തില്‍ 15 ലക്ഷത്തോളം രൂപയുടെ നഷ്ടം നേരിട്ടതായി തൊഴിലാളികള്‍ പറഞ്ഞു.
തുടര്‍ന്ന് അഞ്ച് മണിയോട് കൂടി മത്സ്യത്തൊഴിലാളികള്‍ വാഹനം തടയുകയായിരുന്നു. ചൊവ്വാഴ്ച കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കടലാക്രമണം തടയാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പില്‍ ഇന്നലെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇത്ര നേരമായിട്ടും കളക്ടറെത്താത്തതാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും റോഡ് ഉപരോധിക്കാനുള്ള കാരണം.
content highlights: There is no action despite the raging sea; Trikanad fishermen road blockade