Kerala News
കേരളത്തില്‍ ലവ് ജിഹാദ് ഉണ്ട്, 40 കുട്ടികളെ ഞാന്‍ രക്ഷിച്ചിട്ടുണ്ട്: പി.സി. ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 13, 03:22 pm
Saturday, 13th April 2024, 8:52 pm

തിരുവനന്തപുരം: ലവ് ജിഹാദിന്റെ പേരിൽ വിവാദ പ്രസ്താവന ആവർത്തിച്ച് പി.സി. ജോർജ്. ലവ് ജിഹാദ് ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ് പറഞ്ഞു. 500ന് മുകളില്‍ ആളുകളെയാണ് ലവ് ജിഹാദിന്റെ പേരില്‍ കേരളത്തിന് നഷ്ടപ്പെട്ടതെന്നും അതില്‍ 40 പേരെ താന്‍ ഇടപെട്ടാണ് രക്ഷിച്ചതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

‘ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞെന്ന് കാട്ടിയാണ് പേടിപ്പിക്കുന്നത്. എന്നാല്‍ ലവ് ജിഹാദെന്ന വാക്ക് ഡിക്ഷ്നറിയിൽ ഇല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അത് ശരിയാണ്. എന്നാല്‍ ലവ് ജിഹാദ് എന്താണ്. ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികളെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ ഉള്‍പ്പടെയുള്ള തീവ്രവാദികള്‍ പ്രേമം അഭിനയിച്ച് തട്ടി കൊണ്ട് പോകുന്നു. എന്നിട്ട് ഒരാഴ്ച ഭാര്യാ ഭര്‍ത്താക്കന്‍മാരായി ജീവിച്ചതിന് ശേഷം കോഴിക്കോടുള്ള ഒരു സംഘത്തിനെ ഏല്‍പ്പിക്കുന്നു. അവിടെ നിന്ന് ഒരു അഞ്ച്, ആര്‍ പേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയതിന് ശേഷമാണ് ഇവരെ സിറിയയില്‍ കൊണ്ട് പോയി യുദ്ധത്തിന് ഇറക്കുന്നത്. ഇതാണ് ലവ് ജിഹാദ്,’ പി.സി. ജോര്‍ജ് പറഞ്ഞു.

വളരെ വ്യക്തതയോടെ ആണ് താന്‍ ഇത് പറയുന്നതെന്നും 500ന് മുകളില്‍ ആളുകളെ ഇത്തരത്തില്‍ കാണാതായിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഇല്ലാത്ത ഒരു കാര്യവും താന്‍ പറയില്ലെന്നും താന്‍ ഇടപെട്ട് ഇത്തരത്തില്‍ 40 പെണ്‍കുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്നും പി.സി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പും ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകളുമായി പി.സി. ജോര്‍ജ് രംഗത്തെത്തിയിട്ടുണ്ട്.

വിവാദ സിനിമ ‘ദി കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടി ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിത ശ്രമം നടക്കുന്നതായാണ് മുഖ്യന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇതിനോട് പ്രതികരിച്ചത്.

Content Highlight: There is love jihad in Kerala, I have saved 40 children: P.C. George