|

ആനയെ എഴുന്നള്ളിക്കുമ്പോള്‍ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ട്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുമ്പോള്‍ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ദൂരപരിധി നിശ്ചയിക്കാനുള്ള തീരുമാനം ജില്ലാ തല നിരീക്ഷക സമിതിക്ക് വിടണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ദൂരപരിധി കണക്കാക്കുമ്പോള്‍ ആനകളുടെ എണ്ണവും സ്ഥല ലഭ്യതയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വെടിക്കെട്ട് സ്ഥലവും ആനകള്‍ നില്‍ക്കുന്ന ദൂരവും കണക്കാക്കാന്‍ പൊതുമാനദണ്ഡം അപ്രായോഗികമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനയും ആളുകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്ന് നേരത്തെ ഹൈക്കോടതി മാനദണ്ഡം നിശ്ചയിച്ചിരുന്നു.

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ പാടുള്ളു എന്നും രണ്ട് എഴുന്നള്ളിപ്പ് ഉള്ളപ്പോള്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം നല്‍കണമെന്നുമായിരുന്നു മാനദണ്ഡം. കൂടാതെ ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ 100 കിലോ മീറ്ററില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും നേരത്തെ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ആനകളെ നടത്തിക്കുകയാണെങ്കില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ നടത്താനും പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജനങ്ങളെ ആനകളുടെ സമീപത്ത് നിന്നും പത്ത് മീറ്റര്‍ അകലത്തില്‍ നിര്‍ത്തണമെന്നും ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. പുഷ്പവൃഷ്ടി, വാന്ഗാള്‍ തുടങ്ങിയവ ആനകളെക്കൊണ്ട് ചെയ്യിപ്പിക്കാനും പാടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് ആനകളെക്കാള്‍ കൂടുതല്‍ ആനകളുള്ള എഴുന്നള്ളിപ്പിന് മുന്നോടിയായി അനുമതി വാങ്ങാനും ഹൈക്കോടതി അറിയിച്ചിരുന്നു.

Content Highlight: There is impracticality in generally fixing the distance when an elephant is raised; Government High Court