ന്യൂയോര്‍ക്ക്: ഇസ്രഈലിനെതിരായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണസമിതി. ഐ.ഡി.എഫ് ഗസയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതും മെഡിക്കല്‍ സൗകര്യങ്ങള്‍ തകര്‍ത്തതും ഇസ്രഈലിന്റെ മനഃപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണെന്ന് സമിതി പറഞ്ഞു.
അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇസ്രഈല്‍ യുദ്ധക്കുറ്റം ചെയ്തുവെന്നും മനുഷ്യത്വത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ചൂണ്ടിക്കാട്ടുന്നു.
ഗസയിലെ കുട്ടികളെയാണ് ഫലസ്തീനിലെ ആരോഗ്യ സംവിധാനങ്ങളുടെ തകര്‍ച്ച പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചിരിക്കുന്നതെന്നും മുന്‍ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ നവി പിള്ള പറഞ്ഞു. ഒക്ടോബര്‍ 30ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാനിരിക്കെയാണ് പ്രസ്തുത നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തുവരുന്നത്. ഗസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ക്കുന്ന നീക്കം ഇസ്രഈല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും നവി പിള്ള ആവശ്യപ്പെട്ടു.
ഹമാസിന്റെ താവളങ്ങളാണെന്ന് വാദിച്ചാണ് ഇസ്രഈലി സൈന്യം ഗസയിലെ ആശുപത്രികള്‍ക്ക് നേരെയും സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം നടത്തിയത്. എന്നാല്‍ ഈ നടപടികളെല്ലാം യുദ്ധക്കുറ്റത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് യു.എന്‍ അന്വേഷണസമിതി പറയുന്നത്.
ഇസ്രഈല്‍ ജയിലുകളിലും തടങ്കലിലും ബന്ദികള്‍ നേരിടുന്നത് ക്രൂരമായ പീഡനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവിലാക്കപ്പെട്ട പുരുഷന്മാര്‍ ബലാത്സംഗത്തിനും ലൈംഗികാവയവങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിനും വിധേയരായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീനില്‍ ഇസ്രഈലി ഭരണകൂടം നടത്തിവരുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കാനും കുറ്റവാളികളെ കണ്ടെത്താനും കമ്മീഷന് ചുമതലയുണ്ടെന്നും സമിതി അറിയിച്ചു. അന്വേഷണസമിതിയുടെ പക്കലുള്ള തെളിവുകളില്‍ ഇരകളുമായും സാക്ഷികളുമായും നടത്തിയ അഭിമുഖങ്ങള്‍, സാറ്റലൈറ്റ് ചിത്രങ്ങള്‍ മറ്റു ഡാറ്റകളും ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ അന്വേഷണവുമായി ഇസ്രഈലി ഭരണകൂടം സഹകരിച്ചില്ലെന്നും യു.എന്‍ സ്വാതന്ത്ര അന്വേഷണസമിതി അറിയിച്ചു. അതേസമയം റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നതോടെ അന്വേഷണസമിതിയെ ആക്ഷേപിച്ചുകൊണ്ട് ഇസ്രഈല്‍ രംഗത്തെത്തി.
‘അതിക്രമം’ എന്നാണ് യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെ ഇസ്രഈല്‍ വിശേഷിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇസ്രഈല്‍ പറഞ്ഞു. സമിതി ഉന്നയിച്ച വിഷയങ്ങള്‍ ഇസ്രഈല്‍ പൂര്‍ണമായും നിഷേധിക്കുകയും ചെയ്തു.
നിലവിലെ കണക്കുകള്‍ പ്രകാരം 42,126 ഫലസ്തീനികളാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 98,117ലധികം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരകളില്‍ 60 ശതമാനത്തിലധികം കുട്ടികളും സ്ത്രീകളുമാണെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പറയുന്നത്.
Content Highlight: There is evidence that Israel committed war crimes: UN commission of inquiry