തെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ പൊലീസ്. കൈക്കൂലി വാങ്ങിയതിനും വഞ്ചനാക്കുറ്റത്തിനും വിശ്വാസ വഞ്ചനയ്ക്കുമാണ് പൊലീസ് കേസെടുത്തതെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരെയും കേസ് ചാര്‍ജ് ചെയ്യുന്നതിന് മതിയായ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ അനാവശ്യമായുള്ള ഇടപെടല്‍, കൈക്കൂലി വാങ്ങല്‍ തുടങ്ങിയവയാണ് സാറ നെതന്യാഹുവിനെതിരെ തെളിഞ്ഞിട്ടുള്ളത്.
ഇസ്രയേലിന്റെ ഉന്നത നേതാക്കന്‍മാര്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ അഴിമതിക്കേസാണ് നെതന്യാഹുവിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ചുമതലയില്‍ വരുന്ന വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്.
നെതന്യാഹുവിന്റെ സുഹൃത്തായ ഷൗള്‍ എലോവിച്ചിന് 280 മില്യണ്‍ ഡോളര്‍ പണം നല്‍കിയതായും ഇതിലൂടെ തനിക്കനുകൂലമായ വാര്‍ത്തകള്‍ നല്‍കലും കവറേജ് ഉറപ്പാക്കലുമായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യമെന്ന് പ്രൊസിക്യൂട്ടേഴ്‌സ് പറയുന്നു. ഇതിനായി വാര്‍ത്താ വിനിമയ നിര്‍വഹണത്തില്‍ നെതന്യാഹു ഇളവ് വരുത്തിയതായും പ്രൊസിക്യൂ്‌ട്ടേഴ്‌സ് പറഞ്ഞതായി സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതന്യാഹുവിനും സുഹ്യത്തിനുമെതിരെ കൈക്കൂലിക്കേസിലും അന്വേഷണത്തില്‍ അനാവശ്യ ഇടപെടലിനും സാമ്പത്തിക കുറ്റകൃത്യത്തിലും മതിയായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെ രണ്ട് പേരും തള്ളിയിട്ടുണ്ട്. തനിക്കും ഭാര്യയ്്ക്കുമെതിരെ പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ പൊള്ളത്തരമാണ്. അന്വേഷണത്തിന് മുമ്പേ മുന്‍കൂട്ടി തീരുമാനിച്ചതാണ് പൊലീസ് പറയുന്നത്. അതിന് നിയമപരമായ സാധുതയില്ല. തെറ്റായി യാതൊന്നും ഞാന്‍ ചെയ്തട്ടില്ല. നെതന്യാഹു പറഞ്ഞു.
കേസുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. വഞ്ചനയും കൈക്കൂലിയും ഒറ്റക്കേസായും വിശ്വാസ വഞ്ചന രണ്ടാം കേസായും പരിഗണിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അവസാന തീരുമാനം പ്രൊസിക്യൂട്ടേഴ്‌സ് ഇസ്രയേല്‍ അറ്റോണി ജനറലുമായി സംസാരിച്ച ശേഷമായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.