ചിലരെന്നെ പിശാചെന്നും കൂറയെന്നും വിളിക്കുന്നു, ആര്‍ക്കാണെന്നെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ മത്സരമുണ്ട്: നരേന്ദ്ര മോദി
national news
ചിലരെന്നെ പിശാചെന്നും കൂറയെന്നും വിളിക്കുന്നു, ആര്‍ക്കാണെന്നെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ മത്സരമുണ്ട്: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2022, 2:04 pm

അഹമ്മദാബാദ്: ‘രാവണനെപ്പോലെ മോദിക്ക് 100 തലയുണ്ടോ’യെന്ന എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആര്‍ക്കാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഗുജറാത്തിലെ കലോലില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

‘ആര്‍ക്കാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കാന്‍ കഴിയുക, ആര്‍ക്കാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടത്താന്‍ കഴിയുക എന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്,’ മോദി പറഞ്ഞു.

ഖാര്‍ഗെ ജി എന്നെ രാവണനുമായി താരതമ്യം ചെയ്തു. ചിലര്‍ എന്നെ പിശാചെന്ന് വിളിക്കുന്നുവെന്നും ചിലരെന്നെ കൂറയെന്ന് വിളിക്കുന്നുവെന്നും മോദി പറഞ്ഞു.

‘ശ്രീരാമന്റെ അസ്തിത്വത്തില്‍ ഒരിക്കലും വിശ്വസിക്കാത്തവരിപ്പോള്‍ രാമായണത്തില്‍ നിന്ന് രാവണനെ കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞതിന് ശേഷം അവര്‍ ഖേദപ്രകടനമോ, പശ്ചാത്താപമോ പ്രകടിപ്പിക്കാത്തതില്‍ എനിക്ക് അത്ഭുതമുണ്ട്,’ മോദി പറഞ്ഞു.

അതേസമയം, മോദിയുടെ മുഖം എത്ര തവണ കാണണമെന്നും രാവണനെപ്പോലെ മോദിക്ക് നൂറ് തലയുണ്ടോ എന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദിജി പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം മറന്ന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്, എം.എല്‍.എ തെരഞ്ഞെടുപ്പ്, എം.പി തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. എല്ലായിടത്തും തന്നെക്കുറിച്ച് മാത്രം സംസാരിക്കുന്നു.

മാറ്റാരേയും നിങ്ങള്‍ കാണേണ്ടതില്ല, മോദിയെ മാത്രം നോക്കൂ, വോട്ട് ചെയ്യൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിങ്ങളുടെ മുഖം എത്ര തവണയാണ് ഞങ്ങള്‍ കാണേണ്ടത്? നിങ്ങള്‍ക്ക് എത്ര രൂപമാണുള്ളത്? നിങ്ങള്‍ക്ക് രാവണനെപ്പോലെ നൂറ് തലകളുണ്ടോ?,’ എന്നാണ് ഖാര്‍ഗെ പറഞ്ഞത്.

ഖാര്‍ഗെക്ക് മറുപടിയുമായി ബി.ജെ.പി ഐ.ടി സെല്‍ മോധാവി അമിത് മാളവ്യ രംഗത്തെത്തി. ഖാര്‍ഗെയുടെ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു ട്വിറ്ററിലൂടെയുള്ള മാളവ്യയുടെ മറുപടി.

‘ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടിനെ പ്രതിരോധിക്കാനാവാതെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് തന്റെ വാക്കുകളില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണന്‍ എന്ന് സംബോധന ചെയ്തിരിക്കുന്നു. മരണത്തിന്റെ വ്യാപാരി, രാവണന്‍… ഗുജറാത്തിനേയും അതിന്റെ പുത്രനേയും കോണ്‍ഗ്രസ് വീണ്ടും വീണ്ടും അധിക്ഷേപിക്കുകയാണ്,’ മാളവ്യ ട്വീറ്ററില്‍ കുറിച്ചു.

അതേസമയം, ഗുജറാത്തിലെ 89 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് പോളിങ് ആരംഭിച്ചത്.

89 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആണ് ആദ്യഘട്ടത്തില്‍ പോളിങ് ബൂത്തില്‍ എത്തുന്നത്.

Content highlight: There is competition going on inside the Congress party on who can abuse Modi more: Narendra Modi