ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബി തിരക്കഥയും, സംവിധാനവും ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വീസ്. വലിയ രീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാന്‍ ഒത്തുകൂടുന്ന ആണ്‍കൂട്ടത്തിന്റെ ആഘോഷരാവും, അതിനിടെ നടക്കുന്ന തമാശകളുമാണ് ചിത്രത്തിന്റെ പ്രമേയം.
എന്റെ ഉള്ളിലൊരു പെണ്ണുള്ളതായി തോന്നിയിട്ടുണ്ട്. അതാണ് എന്റെ സിനിമകളില്‍ പ്രതിഫലിക്കുന്നതെന്ന് ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കിയിരിക്കുകയാണ് ജിയോ ബേബി.
ഒരു ആണ്‍കൂട്ടത്തെ കേന്ദ്രീകരിച്ച് ചിത്രം എടുക്കുന്നതിനിടയിലും ക്യാമറ ആംഗിളുകളും, ചെറിയ ഡയലേഗുകളും കൊണ്ട് അതിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാന്‍ ജിയോ മുന്‍ഗണന കൊടുക്കുന്നുണ്ട്. എങ്ങനെയാണ് ഒരു പുരുഷനായ ജിയോ ബേബിക്ക് അത്തരം മൈന്‍ഡ് സെറ്റിലേക്ക് എത്താന്‍ സാധിക്കുന്നത് എന്ന ഡൂള്‍ ന്യൂസിലെ അന്ന കീര്‍ത്തി ജോര്‍ജിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീധന്യ കാറ്ററിങ് സര്‍വീസില്‍ അത്ര ലൗഡ് ആയിട്ടുള്ള ഒരു പൊളിറ്റിക്‌സും ഇല്ല. ഇന്നത്തെ സമൂഹത്തില്‍ ആണുങ്ങള്‍ ഫെമിനിസ്റ്റ് ആവേണ്ടത് വളരെ അത്യാവശ്യമാണ്. അങ്ങനെയായാല്‍ അവര്‍ക്ക് പെണ്ണുങ്ങളെ നന്നായി മനസിലാക്കാന്‍ പറ്റും. പെണ്ണുങ്ങളെ മനസിലായാല്‍ എല്ലാം സിമ്പിള്‍ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
സ്വന്തം വീട്ടില്‍ സമത്വമില്ലെന്ന് ഒരു പോയിന്റില്‍ എനിക്ക് മനസിലാക്കാന്‍ പറ്റി. ഒരുപാട് കൂട്ടുകാരികളുണ്ടായി, നമ്മളോട് ഓപ്പണ്‍ ആയി സംസാരിക്കുന്ന കൂട്ടുകാരികളുണ്ടായി. അതുകൊണ്ടാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചെയ്യാന്‍ കഴിഞ്ഞത്.
എന്റെ മാത്രം വിവരം വെച്ച് സിനിമ ചെയ്യാന്‍ കഴിയില്ല. ഞാന്‍ പരിചയപ്പെടുന്ന സ്ത്രീകളുമായി സംസാരിക്കുമ്പോഴും അവരുമായി സമയം ചെലവിടുമ്പോഴും മനസിലാക്കിയെടുക്കുന്ന പെണ്ണുങ്ങളുടെ ഒരു ജീവിതമുണ്ട്. ഇത് തന്നെയാണ് എന്റെ പാര്‍ട്ണറും എന്നോട് പറയുന്നത്.
എനിക്ക് തോന്നുന്നത് നമ്മുടെ എല്ലാവരുടെ ഉള്ളിലും ഒരു സ്ത്രീയുണ്ട്. എനിക്ക് എന്റെ ഉള്ളിലൊരു പെണ്ണുള്ളതായി തോന്നാറുണ്ട്. വളരെ അടുപ്പമുള്ള ആളുകളോട് അത് ഡിസ്‌കസ് ചെയ്യുമ്പോള്‍ അവര്‍ക്കും അത് തോന്നിയിട്ടുണ്ട്’ ജിയോ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ശ്രീധന്യ കാറ്ററിങ് സര്‍വീസിലെ ഒരു പ്രധാന വേഷമായ സിബി എന്ന നാട്ടുമ്പുറത്തുകാരനായ അച്ചായന്റെ കഥാപാത്രമായി ജിയോ ബേബിയും എത്തുന്നുണ്ട്.
ജിയോ ബേബിയെ കൂടാതെ മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്, ബേസില്‍ സി.ജെ, സംഗീത സംവിധാനം മാത്യൂസ് പുളിക്കല്‍, കലാ സംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദ രൂപകല്പന ടോണി ബാബു, എം.പി.എസ്.ഇ, ഗാനരചന സുഹൈല്‍ കോയ, അലീ, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി. തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അലക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റോജിന്‍ കെ. റോയ്.