കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം ഉണ്ടെന്ന് തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല,” ബാലചന്ദ്രകുമാര്‍ പറയുന്നു.
അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു,” ബാലചന്ദ്രകുമാര്‍ പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട വി.ഐ.പി ആലുവ സ്വദേശി ശരത്ത് നായരാണെന്ന് ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചു. ശബ്ദ സാമ്പിളുകള്‍ കേട്ടതോടെയാണ് ശരത്തിനെ താന്‍ തിരിച്ചറിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
‘കേള്‍പ്പിച്ചത് എവിടെ നിന്ന് ശേഖരിച്ച ശബ്ദ സാമ്പിളാണെന്ന് അറിയില്ല. പക്ഷെ കേട്ട ഉടന്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. ശരത്തിനെ ഇക്ക എന്ന് പലരും വിളിക്കാറുണ്ടെന്ന് അറിഞ്ഞതും ഇപ്പോഴാണ്. ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്ത്. അദ്ദേഹത്തോടൊപ്പം ശരത്് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. അദ്ദേഹത്തെ പലരും ഇക്കയെന്നാണ് വിളിക്കുന്നത്. അങ്ങനെയായിരിക്കാം വര്‍ഷങ്ങള്‍ കൊണ്ട് ശരത്തും ഇക്കയായത്,” ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് കാരണം. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഇന്നത്തേക്കു പരിഗണിക്കാന്‍ മാറ്റിയിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.
മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.