| Saturday, 23rd November 2019, 1:52 pm

'അജിത് പവാര്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ട്'; ആരാണു പിറകിലെന്നത് നാളെ 'സാമ്‌ന' വഴി വെളിപ്പെടുത്തുമെന്ന് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അജിത് പവാര്‍ തിരികെവരാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. മുംബൈയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. അജിത് പവാറിനൊപ്പം പോയത് എട്ട് എം.എല്‍.എമാരാണ്. അതില്‍ അഞ്ചുപേര്‍ തിരിച്ചെത്തി. അവരെ നുണ പറഞ്ഞ്, കാറിനുള്ളില്‍ക്കയറ്റി, തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയത്.

ഞങ്ങള്‍ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയുമായി സംസാരിക്കുന്നുണ്ട്. അജിത് പവാര്‍ തിരിച്ചുവരാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നുണ്ട്. അജിത്തിനെ ബ്ലാക്ക്‌മെയില്‍ ചെയ്തതാണ്. സാമ്‌ന പത്രത്തില്‍ ആരാണ് ഇതിനു പിറകിലുള്ളത് എന്ന കാര്യം ഞങ്ങള്‍ വെളിപ്പെടുത്തും.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

10-11 എം.എല്‍.എമാര്‍ മാത്രമാണ് രാജ്ഭവനിലെത്തിയതെന്നും അതില്‍ മൂന്നുപേര്‍ ഇപ്പോള്‍ത്തന്നെ എന്നോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരിപ്പുണ്ടെന്നും ശരദ് പവാര്‍ നേരത്തേ പറഞ്ഞിരുന്നു. എത്ര എം.എല്‍.എമാരാണ് രാജ്ഭവനിലെത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

‘അന്വേഷണ ഏജന്‍സികളെ ഭയന്നാണോ അദ്ദേഹം ഇക്കാര്യം ചെയ്തിട്ടുള്ളതെന്ന് എനിക്കറിയില്ല. എന്തായാലും രാജ്ഭവനിലെത്തിയ എം.എല്‍.എമാരില്‍ മൂന്നുപേര്‍ എന്റെയൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഇരിപ്പുണ്ട്. ആകെ നാലുപേര്‍ പിന്തുണയറിയിച്ചിട്ടുമുണ്ട്.’- ശരദ് പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്താതിരുന്നതില്‍ ശരദ് പവാര്‍ വിശദീകരണവും നല്‍കി. നിയമസഭാ കക്ഷിയോഗം ചേരുന്നതിനാല്‍ എല്ലാവരും അവിടെയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കതിനു കഴിയില്ലെന്നും ബി.ജെ.പിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരുന്നെന്നും സേന-എന്‍.സി.പി കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നെന്നും പവാര്‍ പറഞ്ഞു.

170 എം.എല്‍.എമാരുടെ പിന്തുണ ഇപ്പോഴും ഞങ്ങള്‍ക്ക് ഉണ്ട്. പത്തോ പതിനൊന്നോ എന്‍.സി.പി എം.എല്‍.എമാര്‍ മാത്രമേ അജിത് പവാറിനൊപ്പം പോവുകയുള്ളൂ.

എല്ലാതവണയും പോലെ കുതിരക്കച്ചവടം നടത്തിയാണ് ബി.ജെ.പി ഇത്തവണയും അധികാരത്തിലെത്തിയത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് രാവിലെ ആറരയ്ക്ക് മാത്രമാണ്.

യഥാര്‍ത്ഥ എന്‍.സി.പി പ്രവര്‍ത്തകര്‍ ഒരിക്കലും ബി.ജെ.പിക്കൊപ്പം പോവില്ല. അജിത് പവാര്‍ മാത്രമാണ് ബി.ജെ.പിക്കൊപ്പം കൈകോര്‍ത്തത്. ഞങ്ങള്‍ക്ക് ശിവസേനയ്ക്ക് കീഴിലുള്ള സര്‍ക്കാരാണ് വേണ്ടത്. ഞങ്ങള്‍ അതുമായി തന്നെ മുന്നോട്ട് പോകും.

ഇത് അജിത് പവാറിന്റെ തീരുമാനമാണ്. അജിത് പവാറിന്റേത് പാര്‍ട്ടി വിരുദ്ധ തീരുമാനമാണ്. അദ്ദേഹം പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും ശരദ് പവാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more