ന്യൂദല്‍ഹി: 13 വര്‍ഷം ബി.ജെ.പിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതല വഹിച്ചിരുന്ന രാംലാലിനെ മാറ്റിയാണ് ബി.എസ് സന്തോഷിനെ ആ സ്ഥാനത്തേക്ക് ആര്‍.എസ്.എസ് എത്തിച്ചത്. അപ്രതീക്ഷിതമായായിരുന്നു നിര്‍ദ്ദോഷിയായ രാംലാലിനെ മാറ്റി രാഷ്ട്രീയത്തില്‍ നേരത്തേ ചുവടുറപ്പിച്ച സന്തോഷിനെ എത്തിക്കുന്നത്. ആര്‍.എസ്.എസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന സന്തോഷ് മുന്‍പുതന്നെ ബി.ജെ.പിക്കുവേണ്ടി കളിക്കളത്തിലിറങ്ങിയ വ്യക്തിയാണ്.
ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത് 2008-ലാണ്, കര്‍ണാടകത്തില്‍. അതില്‍ തന്ത്രപ്രധാനമായ പങ്കുവഹിച്ച വ്യക്തിയായാണ് കര്‍ണാടകക്കാരനായ സന്തോഷിനെ കരുതുന്നത്. കര്‍ണാടകത്തില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി കിണഞ്ഞുശ്രമിക്കവെ സന്തോഷ് വീണ്ടുമെത്തുന്നത് പഴയ ലക്ഷ്യം മുന്നില്‍ക്കണ്ടുതന്നെയാകും.
ബി.ജെ.പിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറി എന്ന പദവി പാര്‍ട്ടി അധ്യക്ഷനേക്കാള്‍ വിലമതിക്കുന്നതാണ് എന്നതു ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള പാലമാണ് ഈ പദവി. മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്മാര്‍ മാത്രമേ ഇന്നോളം ആ പദവിയില്‍ വന്നിട്ടുള്ളുതാനും.
ആര്‍.എസ്.എസ് സര്‍സംഘചാലകിന്റെ തീരുമാനം ബി.ജെ.പി നേതൃത്വം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഈ ജനറല്‍ സെക്രട്ടറിയാണ്. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തില്‍ത്തന്നെ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ വ്യക്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സര്‍സംഘചാലകിനാണു കൈമാറുക.
മാത്രമല്ല, രാജ്യത്തുടനീളമുള്ള ആര്‍.എസ്.എസ് പ്രചാരകരെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കുവേണ്ടി രംഗത്തിറക്കുക എന്ന ഉത്തരവാദിത്വം ഇയാളിലുണ്ട്. ആര്‍.എസ്.എസിന്റെ തീരുമാനങ്ങളും അഭിപ്രായങ്ങളും ബി.ജെ.പി നേതൃത്വത്തെ അറിയിക്കേണ്ടതും ഈ വ്യക്തി തന്നെയാണ്.
2004-ല്‍ മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിച്ച ബി.ജെ.പി അധ്യക്ഷന്‍ എല്‍.കെ അദ്വാനിയുടെ നടപടിയില്‍ രോഷാകുലരായ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. അതില്‍ അദ്വാനിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അദ്വാനിക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കാന്‍ യോഗത്തില്‍ പങ്കെടുത്ത അന്നത്തെ ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരിലാര്‍ക്കും തന്നെ ധൈര്യമുണ്ടായില്ല.
പക്ഷേ, അന്നത്തെ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന സഞ്ജയ് ജോഷി പ്രമേയത്തിന്റെ കരട് തയ്യാറാക്കുകയും അത് ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡിനെക്കൊണ്ട് പാസ്സാക്കിയെടുക്കുകയും ചെയ്തു. ദല്‍ഹിയിലേക്കു തിരികെവന്ന അദ്വാനി ആര്‍.എസ്.എസിന്റെ സമ്മര്‍ദത്തില്‍ അധ്യക്ഷപദവിയൊഴിഞ്ഞു. അന്നത്തോടെയാണ് അദ്വാനിയുഗത്തിനും അന്ത്യമായത്.
എന്നാല്‍ ജോഷിയെപ്പോലായിരുന്നില്ല അതിനുശേഷം വന്ന രാംലാല്‍. നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, അമിത് ഷാ എന്നീ മൂന്ന് അധ്യക്ഷന്മാരോടൊപ്പം പ്രവര്‍ത്തിച്ച ജോഷിയുടെ കാലത്ത് ഒരു വിവാദം പോലും ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധത്തെച്ചൊല്ലി വന്നിട്ടില്ല.