| Tuesday, 23rd April 2019, 12:04 pm

വോട്ടിങ് യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെയാണ് റീപോളിംഗ് വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അരപ്പട്ട മൂപ്പനാട് പഞ്ചായത്തിലെ സി.എം.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിങ് യന്ത്രം തകരാറിലായിട്ടും പോളിങ് തുടര്‍ന്നെന്നും തുഷാര്‍ ആരോപിക്കുന്നുണ്ട്. ഈ ബൂത്തിലാണ് റീപോളിംഗ് വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടിംഗ് മെഷീനില്‍ രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യന്ത്രം മാറ്റിയില്ലെന്നും അതിനാല്‍ റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ: സുനില്‍ കുമാര്‍ മുഖേന വരണാധികാരിക്ക് കത്ത് നല്‍കി.

അതേസമയം, കൊല്ലത്ത് കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ട്. പട്ടത്താനം എസ്.എ.ന്‍ഡി.പി യു.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്തെന്ന പരാതി ഉയര്‍ന്നത്.

മഞ്ജു എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസര്‍ സംശയം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പരിശോധിക്കുകയാണ്. പരിശോധനയിലാണ് മഞ്ജുവിന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി തെളിഞ്ഞത്.

We use cookies to give you the best possible experience. Learn more