| Wednesday, 23rd December 2020, 11:14 am

സി.പി.ഐ.എമ്മിനേക്കാള്‍ അപകടകരമായ ശത്രു പതിയിരിപ്പുണ്ട്; ഇനിയങ്ങോട്ട് ബി.ജെ.പിയുടെ തെറ്റുകളും ഉയര്‍ത്തിക്കാണിച്ചേ മതിയാവൂ; കെ മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്നണി വിട്ടവരെ തിരികെ കൊണ്ടു വന്ന് യു.ഡി.എഫ് തെറ്റുതിരുത്തണമെന്ന് കെ.മുരളീധരന്‍ എം.പി. കെ. കരുണാകരന്റെ ഓര്‍മ്മദിനത്തിനോട് അനുബന്ധിച്ച് മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് മുരളീധരന്റെ പ്രതികരണം.

ജോസ് കെ. മാണി വിഭാഗം പാര്‍ട്ടിയില്‍ നിന്ന് പോയത് കോണ്‍ഗ്രസിനെ പിന്തുണച്ച വിഭാഗത്തിന് മുറിവേറ്റ പ്രതീതിയുണ്ടാക്കിയെന്നും മധ്യതിരുവിതാംകൂറിലെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

1981ല്‍ യു.ഡി.എഫിലേക്ക് വന്ന കെ.എം. മാണിയുടെ പാര്‍ട്ടിയാണ് ഇറങ്ങിപ്പോയത്. എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് വലിയ ശക്തിയൊന്നും അവകാശപ്പെടാനില്ല. എന്നാല്‍, യു.ഡി.എഫ് മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ക്ക് ബലംനല്‍കുന്ന തലയെടുപ്പ് വീരേന്ദ്രകുമാറിന് ഉണ്ടായിരുന്നു. ജോസ് കെ. മാണി മുന്നണിയില്‍നിന്ന് പുറത്തുപോയത്, കേരള കോണ്‍ഗ്രസിനെ പിന്തുണച്ചുപോന്ന ഒരു വിഭാഗത്തിന് മുറിവേറ്റ പ്രതീതി ഉണ്ടാക്കി. കെ.എം. മാണി മറഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസിനെയും അതിന്റെ വോട്ടുബാങ്കിനെയും ഉപേക്ഷിച്ചു എന്ന തോന്നല്‍ വന്നു. ആ വോട്ടര്‍മാരെല്ലാം ജോസ് കെ. മാണിക്കൊപ്പം ഉള്ളവരല്ല. പുറത്താക്കി എന്ന തോന്നലാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നും മുരളീധരന്‍ ലേഖനത്തില്‍ പറയുന്നു.

കൂട്ടായ ചര്‍ച്ച നടക്കുന്നില്ല എന്ന ഫീല്‍ എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ജോസ് കെ. മാണി പടിയിറങ്ങിയ ഘട്ടത്തില്‍ പാര്‍ട്ടിയിലെ പല നേതാക്കളും പറഞ്ഞ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തില്ല. തീരുമാനങ്ങള്‍ എടുക്കുന്നു, നടപ്പാക്കുന്നു. പേരിനൊരു ചര്‍ച്ച വെക്കുന്നു. പൊതുവായ വികാരം ഉള്‍ക്കൊള്ളുന്നില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

എന്തു വന്നാലും ജയിക്കുമെന്ന അമിതവിശ്വാസവും കൂടിയായപ്പോള്‍ ഉള്ള സാധ്യത പോയി. യു.ഡി.എഫിന്റെ ദൗര്‍ബല്യം നോക്കി എല്‍.ഡി.എഫ് കളിച്ചു. യു.ഡി.എഫിന് അതു ചെയ്യാന്‍ പറ്റിയില്ല. യു.ഡി.എഫിന് ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ട് എന്നുപറഞ്ഞ് പ്രചാരണം നടത്താന്‍ എല്‍.ഡി.എഫിന് സാധിച്ചെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

ബി.ജെ.പിയും സി.പി.ഐ.എമ്മും ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡ് തരാതരം ഉപയോഗിച്ച് കളിക്കുകയാണ്. ഇനിയങ്ങോട്ട് സി.പി.ഐ.എമ്മിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാണിക്കുന്നതിനൊപ്പം തന്നെ ബി.ജെ.പിയുടെ തെറ്റുകളും ഉയര്‍ത്തിക്കാണിച്ചേ മതിയാവൂ. സി.പി.ഐ.എമ്മിനേക്കാള്‍ അപകടകരമായ ശത്രു പതിയിരിപ്പുണ്ട് എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മുരളീധരന്‍ എഴുതി.

യു.ഡി.എഫ് തകര്‍ന്നുപോയി എന്നു തോന്നിച്ച ഒരു ഘട്ടമാണ്1990. ജില്ല കൗണ്‍സിലില്‍ തോറ്റു. 14ല്‍ 13ലും തോറ്റ ചരിത്രമില്ല. മുസ്‌ലിംലീഗ് മുന്നണി വിട്ടു. എല്ലാവരും യു.ഡി.എഫ് തീര്‍ന്നു എന്നു വിചാരിച്ചു. ആ അമിതവിശ്വാസത്തിലാണ് ഇ.കെ. നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പും വന്നു.

യു.ഡി.എഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും എന്‍.ഡി.പി, എസ്.ആര്‍.പി എന്നീ പാര്‍ട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ലീഗിനെ തിരിച്ചുകൊണ്ടുവന്നു. തെരഞ്ഞെടുപ്പ് നേരിട്ടു. ഡല്‍ഹിയിലേക്ക് 16 പേരെ അയക്കാന്‍ സാധിച്ചു. അസംബ്ലിയില്‍ 90 സീറ്റ് കിട്ടി. തകര്‍ന്നു എന്ന് തോന്നിയ സ്ഥലത്തുനിന്നായിരുന്നു ആ മുന്നേറ്റമെന്നും ലേഖനത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: There is a more dangerous enemy lurking than the CPI (M); From now on, the mistakes of the BJP need to be highlighted; K Muraleedharan

We use cookies to give you the best possible experience. Learn more