പച്ചക്ക് വര്‍ഗീയത പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ രാജ്യത്ത് നിയമമുണ്ട്, അത് നരേന്ദ്രമോദി ആയാലും കോടിയേരി ബാലകൃഷ്ണന്‍ ആയാലും ബാധകം: കെ. മുരളീധരന്‍
തിരുവനന്തപുരം: പിണറായി വിജയന് ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ സി.പി.ഐ.എം ചര്‍ച്ചകളുടെ പിന്നിലെ ലക്ഷ്യമെന്ന് കെ. മുരളീധരന്‍ എം.പി. പ്രതിപക്ഷത്തെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷത്തില്‍പ്പെട്ട ആരെയും പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും മുരളീധരന്‍ പറഞ്ഞു.
‘ഇതുവരെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരെയും പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാര്‍ട്ടിയാണ് സി.പി.ഐ.എം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചര്‍ച്ച കൊണ്ടുവന്നതിന്റെ പിന്നില്‍ ഒരു ഗൂഢ ഉദ്ദേശമുണ്ട്. അത് പിണറായിക്ക് ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പക്ഷെ അത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ വേണ്ട. കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ പച്ചയ്ക്ക് വര്‍ഗീയത പറയുന്നത് ശരിയല്ല,’ മുരളീധരന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സി.പി.ഐ.എമ്മുകാരെന്നും മുരളീധരന്‍ ആരോപിച്ചു.
‘അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഇല്ലാതാക്കണമെന്ന് കേരളത്തിലെ സി.പി.ഐ.എം ആഗ്രഹിക്കുന്നു. കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സി.പി.ഐ.എമ്മുകാര്‍. അതിനോടൊപ്പം ഈ രഹസ്യ അജണ്ടയുമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കിയിട്ടില്ല. അതുകൊണ്ട് തങ്ങള്‍ അങ്ങനെ ചെയ്യുന്നു എന്ന് വരുത്തി പാര്‍ട്ടിയില്‍ അംഗീകാരം നേടാനും പൊതുചര്‍ച്ചയാക്കാനുള്ള ഗൂഢലക്ഷ്യമാണ്. ഇത് കേരളത്തില്‍ ചെലവാകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പച്ചക്ക് വര്‍ഗീയത പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ രാജ്യത്ത് നിയമമുണ്ടെന്നും അത് നരേന്ദ്രമോദി ആയാലും കോടിയേരി ബാലകൃഷ്ണന്‍ ആയാലും എല്ലാവര്‍ക്കും ബാധകമാണെന്നും മുരളീധരന്‍ പറഞ്ഞു.
‘ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് പൊലീസിനേയും നിയമത്തിനേയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ലംഘിക്കുകയുമാണ്. അതിന്റെ ഭാഗമായിട്ടാണ് കോടിയേരിയുടെ പ്രസ്താവനയെയും കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി- കോടിയേരി അജണ്ഡ നടപ്പാക്കാനാണ് ശ്രമം. കോണ്‍ഗ്രസിന്റെ മതേതരത്വത്തിന് സര്‍ട്ടിഫിക്കറ്റ് തരാന്‍ കോടിയേരി വരണ്ട. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അതിനുള്ള യോഗ്യതയുമില്ല. കോണ്‍ഗ്രസിന്റെ മതേതരത്വ മുഖ നഷ്ടപ്പെടുത്താന്‍ ആയിരം കോടിയേരിമാര്‍ വന്നാലും കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്നായിരുന്നു കോടിയേരി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ ന്യൂനപക്ഷ നേതാക്കള്‍ ഇല്ല. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ വര്‍ഗീയത. അതിനെ എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ചങ്കൂറ്റമില്ലാത്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.
മോഹന്‍ ഭാഗവതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് രാഹുല്‍ സംസാരിച്ചത്. നേരത്തേയുള്ള നിലപാട് കോണ്‍ഗ്രസ് മാറ്റിയോ എന്നും കോണ്‍ഗ്രസ് മത നിരപേക്ഷ നിലപാടില്‍ നിന്ന് മാറിയോ എന്നുമാണ് അറിയേണ്ടത് എന്നും കോടിയേരി പ്രതികരിച്ചു.
മതപരമായ സംവരണം രാഷ്ട്രീയ പാര്‍ട്ടിക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. യു.ഡി.എഫിന്റെ കാലത്ത് സാമുദായിക സംഘടനകളാണ് ഭരണം നടത്തിയത്. എസ്.പിമാരേയും കലക്ടര്‍മാരെയും വരെ സാമുദായിക അടിസ്ഥാനത്തില്‍ തീരുമാനിച്ചവരാണ് യു.ഡി.എഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.