തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. വലിയ ഹൈപ്പില്ലാതെ വന്ന ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് വന്‍ ഡിമാന്‍ഡാണ് തിയേറ്ററുകളില്‍. കോരിച്ചൊരിയുന്ന മഴയത്തും നിറഞ്ഞ തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ബുക്കിങ്ങ് പേജുകള്‍ ചുരങ്ങിയ സമയം കൊണ്ട് തന്നെ ഫില്ലാവുകയാണ്.
ഒന്നാം ദിനം 167 സ്‌ക്രീനുകളില്‍ എത്തിയ ചിത്രം നാലാം ദിനമായപ്പോഴേക്കും 330-ലധികം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
കേരളത്തിന് പുറത്തേക്കും ബോക്‌സ് ഓഫീസ് കുലുക്കുകയാണ് ജോര്‍ജ് മാര്‍ട്ടിനും സ്‌ക്വാഡും. ബെംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള സിറ്റികളില്‍ ചിത്രത്തിന്റെ പ്രദര്‍ശത്തിന്റെ എണ്ണം കൂടുന്നുണ്ട്.
ആദ്യദിനം 2.40 കോടി നേടിയ കണ്ണൂര്‍ സ്‌ക്വാഡ്, രണ്ടാം ദിനത്തില്‍ 2.75 കോടിയാണ് നേടിയത്. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഇതനുസരിച്ച് രണ്ട് ദിവസത്തില്‍ 5.15 കോടി രൂപയാണ് മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്. പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നത് കൊണ്ട് തന്നെ സിനിമ ആദ്യ വാരം കൊണ്ട് തന്നെ മികച്ച കളക്ഷന്‍ സ്വന്തമാക്കുമെന്നും ട്രാക്കര്‍മാര്‍ വിലയിരുത്തുന്നുണ്ട്.
ആര്‍.ഡി.എക്‌സിന് ശേഷം അടുത്ത സൂപ്പര്‍ ഹിറ്റ് ലോഡിങ് എന്ന സൂചനയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിയേറ്റര്‍ പ്രതികരണങ്ങള്‍ നല്‍കുന്നത്.
ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
Content Highlight: There is a huge demand for the film Kannur Squad in theatres