| Saturday, 1st June 2024, 12:01 pm

ജുഡീഷറിയെ പോലും നിയന്ത്രിക്കാനുള്ള ശ്രമമാണ് മോദിയുടേത്; നടപ്പിലാക്കുന്നത് ഗുജറാത്ത് മോഡല്‍: ക്രിസ്റ്റഫ് ജാഫ്രലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികളുടെ തനി പകര്‍പ്പാണെന്ന് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകനും പണ്ഡിതനുമായ ക്രിസ്റ്റഫ് ജാഫ്രലോട്ട്. 10 വര്‍ഷമായി ദേശീയതലത്തില്‍ കണ്ടതെല്ലാം മോദിയുടെ ഗുജറാത്ത് മോഡല്‍ ആണെന്നാണ് ക്രിസ്റ്റഫ് ജാഫ്രലോട്ട് പറഞ്ഞത്.

രാജ്യത്തെ ജുഡീഷറിയില്‍ ആര്‍.എസ്.എസ് വ്യക്തമായി നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന് ക്രിസ്റ്റഫ് പറഞ്ഞു. പൊലീസിന്റെയും ജുഡീഷറിയുടെയും മേലുള്ള നിയന്ത്രണം മോദി നടപ്പിലാക്കി വരികയാണെന്നും, അത്തരം സ്ഥാപനങ്ങള്‍ക്കതീതമായി വ്യക്തകേന്ദ്രീകൃതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് മോദി നടപ്പിലാക്കുന്നതെന്നും ക്രിസ്റ്റഫ് പറഞ്ഞു.

ഗുജറാത്ത് അണ്ടര്‍ മോദി: ബ്ലൂപ്രിന്റ് ഫോര്‍ ഇന്ത്യ എന്ന തന്റെ പുസ്തകത്തിലാണ് ക്രിസ്റ്റഫ്, മോദി ഭരണകൂടത്തിനെതിരെ നിശിതമായ വിമര്‍ശനം രേഖപ്പെടുത്തുന്നത്. മോദി ഗുജറാത്തില്‍ നടപ്പിലാക്കിയ പദ്ധതികളോരോന്നും രാജ്യത്തും നടപ്പിലാക്കുകയാണെന്നായിരുന്നു പുസ്തകത്തിലൂടെ ക്രിസ്റ്റഫ് പറഞ്ഞത്. ചില നിയമ പ്രശ്‌നങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ വൈകിയ പുസ്തകം ഈ അടുത്താണ് പ്രസിദ്ധീകരിച്ചത്.

ഭരണകൂടത്തെ സഹായിക്കുന്ന പോലീസുകാര്‍ക്ക് മോദി പാരിതോഷികം നല്‍കിയിരുന്നു. ചില പൊലീസുകാരെ ദല്‍ഹിയിലേക്ക് സ്ഥലം മാറ്റി. നന്നായി ജോലിയെടുക്കുന്ന പ്രൊഫഷണലുകളെ പോലും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന നയമാണ് മോദിയുടേതെന്നും, അത്തരത്തിലുള്ള ഗുജറാത്ത് മോഡല്‍ ആണ് ഇപ്പോഴും അദ്ദേഹം നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും ക്രിസ്റ്റഫ് പറഞ്ഞു.

ഏകാധിപത്യ ഭരണത്തിനനുസൃതമായി എല്ലാത്തിനെയും മാറ്റുന്ന മോദി, നിയമങ്ങളെ പോലും തനിക്കനുകൂലമാക്കി മാറ്റുകയാണെന്നും ക്രിസ്റ്റഫ് പറയുന്നു. സ്വതന്ത്ര സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കുന്ന രീതി മോദിയുടെ ഭരണ തന്ത്രമാണെന്നും ക്രിസ്റ്റഫ് പറയുന്നു.

വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ പ്രതിപക്ഷം മോദിക്കെതിരെ ഒന്നിച്ചിറങ്ങിയതാണെന്നും, അതാണ് ഇന്ത്യാ സഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിക്കെതിരെ ഒന്നിച്ചു പോരാടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: There is a Clear Attempt by the RSS to Infiltrate the Judiciary’: Christophe Jaffrelot

We use cookies to give you the best possible experience. Learn more