അർജന്റീനയുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ലയണൽ മെസി ഫ്രാൻസിനെ പരാജയപ്പെടുത്തി ബ്യൂണസ് ഐറിസിലേക്ക് ലോക കിരീടമെത്തിച്ചത്. ഇതോടെ മറഡോണക്ക് ശേഷം അർജന്റീനക്കായി ലോകകിരീടം സ്വന്തം മണ്ണിലേക്കെത്തിക്കാൻ മെസിക്ക് സാധിച്ചു.
ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിലേക്ക് മടങ്ങിയ മെസിക്ക് ലോകകപ്പിന് മുന്നേ നടത്തിയ രീതിയിലുള്ള മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
ഇതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഫ്രഞ്ച് മണ്ണിൽ മെസിക്ക് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി താൻ കളി പഠിച്ച ബാഴ്സലോണയിലേക്ക് മടങ്ങിപ്പോകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരു പരിധി വരെ പരിഹാരമായതും മെസി ബാഴ്സയിൽ കളിക്കുന്നത് കാണാൻ തങ്ങൾക്ക് താത്പര്യമുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റായ ലപ്പോർട്ടോ വെളിപ്പെടുത്തിയതോടെയുമാണ് മെസിയുടെ ബാഴ്സലോണ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം.
എന്നാലിപ്പോൾ മെസി ബാഴ്സയിൽ കളിക്കാൻ അമ്പത് ശതമാനത്തിലേറെ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അർജന്റീനയുടെ മുൻ സൂപ്പർ താരമായിരുന്ന സെർജിയോ ആഗ്യൂറോ.
മെസി ബാഴ്സയിലേക്ക് പോകാൻ അമ്പത് ശതമാനം സാധ്യതയുണ്ടെന്നും കാറ്റലോണിയൻ ക്ലബ്ബ് അദ്ദേഹത്തിന്റെ വീടാണെന്നുമാണ് ആഗ്യൂറോ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഫാബ്രിസിയോ റൊമാനോയാണ് മെസിയുടെ ബാഴ്സ പ്രവേശനത്തെക്കുറിച്ചുള്ള അഗ്യൂറോയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“എനിക്ക് തോന്നുന്നത് മെസി ബാഴ്സലോണയിൽ കളിക്കാൻ അമ്പത് ശതമാനത്തിലേറെ സാധ്യതയുണ്ടെന്നാണ്.
മെസി ബാഴ്സയിൽ തന്നെ വിരമിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം ബാഴ്സലോണ അദ്ദേഹത്തിന്റെ വീടാണ്. അദ്ദേഹത്തിന്റെ കരിയർ ബാഴ്സലോണയിലാണ് തുടങ്ങിയത്. ലപ്പോർട്ടോ മെസിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി ചെയ്യേണ്ടതുണ്ട്,’ ആഗ്യൂറോ പറഞ്ഞു.
അതേസമയം ലാ ലിഗയിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളോടെ 68 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.