'കെ.ആര്‍ ഇന്ദിരക്കെതിരെയുള്ള പരാതിയില്‍ സമഗ്ര അന്വേഷണം നടക്കുന്നില്ല'; ആരോപണവുമായി പരാതിക്കാരന്‍ രംഗത്ത്
Kerala News
'കെ.ആര്‍ ഇന്ദിരക്കെതിരെയുള്ള പരാതിയില്‍ സമഗ്ര അന്വേഷണം നടക്കുന്നില്ല'; ആരോപണവുമായി പരാതിക്കാരന്‍ രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2019, 9:57 pm

കോഴിക്കോട്: ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ
കെ.ആര്‍ ഇന്ദിരക്കെതിരെ നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ പരാതിക്കാരന്‍ രംഗത്ത്. പരാതിക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വിപിന്‍ദാസാണ് കേസില്‍ സമഗ്ര അന്വേഷണം നടക്കുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസിലായിരുന്നു പരാതി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.ആര്‍ ഇന്ദിര സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും കമന്റ് ചെയ്തതുമായ ചില പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നാണ് പരാതി.

ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷം പേര്‍ പട്ടികക്ക് പുറത്തായിരുന്നു. ഇത് സംബന്ധിച്ചായിരുന്നു ഇന്ദിരയുടെ പോസ്റ്റ്.

‘ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്നായിരുന്നു പോസ്റ്റ്.

ഇന്ദിരയുടെ പോസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് മറ്റൊരാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ
‘താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചെടുക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളില്‍ നിന്ന് ഈ ഭൂമി രക്ഷപ്പെടാന്‍ ‘എന്നും ഇന്ദിര കമന്റ് ചെയ്യുകയായിരുന്നു.

ഇന്ദിരയുടെ പോസ്റ്റിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ