രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണമെത്രയെന്ന് വ്യക്തതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയിലാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള കണക്ക് വ്യക്തമല്ലെന്ന് പറഞ്ഞത്.
‘2016 മുതല്‍ മൂന്നു വര്‍ഷക്കാലം രാജ്യത്ത് നടന്ന കര്‍ഷക ആത്മഹത്യയുടെ കണക്ക് കൈവശമില്ല. 2015 വരെയുള്ളത് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെ’ന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കര്‍ഷക ആത്മഹത്യയുടെ എണ്ണം ക്രമാതീതമായി കൂടുന്നു എന്നുള്ളതിന്റെ അനൗദ്യോഗിക കണക്കുകള്‍ പുറത്തുവന്നു കൊണ്ടിരിക്കെയാണ് ഇതിന്റെ ഔദ്യോഗിക കണക്ക് കേന്ദ്ര സര്‍ക്കാരിനു അറിയില്ലെന്ന് പറയുന്നത്.
രാജ്യത്ത് ഏറ്റവും അധികം കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെ 800ലധികം കര്‍ഷകര്‍ ആത്മഹത്യ നടന്നതായുംഏപ്രിലില്‍ മാത്രം 200ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും ദേശീയ മാധ്യമമായ മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അഞ്ചു വര്‍ഷത്തിനകം കാര്‍ഷിക ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്നും വാഗ്ദാനം നല്‍കിയാണ് 2014ല്‍ എന്‍.ഡി.എ അധികാരത്തില്‍ വന്നത്.