| Tuesday, 1st September 2020, 11:44 pm

മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു; രണ്ട് വര്‍ഷത്തിനിടെ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മാളവിക മോഹനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മാളവികയുടെ പുതിയ സിനിമ വിജയ് നായകനായ മാസ്റ്റര്‍ ആണ്.

തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ മടി കാട്ടാത്ത താരം കൂടിയാണ് മാളവിക. ഇപ്പോഴിതാ മലയാളത്തിലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ചും സിനിമ പുരുഷ കേന്ദ്രീകൃതമാകുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് മാളവിക.

എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ തുറന്നുപറച്ചില്‍. ഒരു കാലത്ത് മികച്ച സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിരുന്ന മലയാളസിനിമയില്‍ ഇപ്പോള്‍ വിപരീത സംഭവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണമെന്നും മാളവിക പറഞ്ഞു.

പാര്‍വ്വതിയുടെ ടേക്ക് ഓഫ്,ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നെന്നും താരം പറഞ്ഞു.

മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതലാണ് ഇത് എന്നാണ് തനിക്ക് തോന്നുന്നത്.തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്.കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം.ഉദാഹരണത്തിന് ഷീല.ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.ഷീല,ശോഭന,ഉര്‍വ്വശി,കാവ്യ മാധവന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ലെന്നും മാളവിക പറഞ്ഞു.

സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്.അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമയെന്നും താരം പറഞ്ഞു.

നേരത്തെ മാസ്റ്ററിന്റെ ഫാന്‍മേഡ് പോസ്റ്ററില്‍ കാണിച്ച ലിംഗവിവേചനത്തിനെതിരെ താരം രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് പുതിയ പോസ്റ്ററും പുറത്തുവന്നു. ക്വാറന്റൈന്‍ കാലത്ത് മാസ്റ്റര്‍ സിനിമയിലെ താരങ്ങള്‍ എന്തു ചെയ്യുന്നു എന്ന് കാണിച്ച പോസ്റ്റില്‍ നടന്മാര്‍ എല്ലാവരും വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നടി മാത്രം ഭക്ഷണം പാകം ചെയ്യുന്നതാണ് ആദ്യ ചിത്രത്തിലുണ്ടായിരുന്നത്.

മാളവികയുടെ വിമര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ പോസ്റ്ററില്‍ മാറ്റമുണ്ടായി. പാചകം ചെയ്തിരുന്ന മാളവികയ്ക്ക് പകരം പുസ്തകം വായിക്കുന്ന മാളവിക എന്നതാണ് മാറ്റം.

ഒരു വീട്ടില്‍ എല്ലാവരും വിനോദത്തിലേര്‍പ്പെടുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ മാത്രം ഭക്ഷണം ചെയ്യണമെന്നത് ലിംഗ വിവേചനമാണ് ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു ആദ്യ ചിത്രത്തോടുള്ള മാളവികയുടെ പ്രതികരണം.

വിജയ്, വിജയ് സേതുപതി, ആന്‍ഡ്രിയ ശാന്തനു, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മാസ്റ്ററില്‍ അഭിനയിക്കുന്നത്. ഏപ്രില്‍ 9ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം റിലീസിംഗ് നീട്ടിവെക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more