| Friday, 16th January 2015, 11:21 am

ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരെ മുസ്‌ലിം സംഘടനകള്‍ക്ക് പിന്നാലെ മാര്‍പാപ്പയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനില: ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരെ മുസ്‌ലിം സംഘടനകള്‍ക്ക് പിന്നാലെ മാര്‍പാപ്പയും. അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അത് ഒരിക്കലും മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും ആവരുതെന്നും അദ്ദേഹംവ്യക്തമാക്കി.

ഇതുകൊണ്ടൊന്നും ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ലി ഹെബ്ദോയ്‌ക്കെതിരെ നടന്ന ആക്രമണത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാര്‍പാപ്പയുടെ പ്രതികരണം പാരീസ് ആക്രമണത്തെ ന്യായീകരിക്കുന്നതല്ലെന്ന് വത്തിക്കാന്‍ പ്രസ്താവനയിറക്കി.

മാഗസിനെതിരെ നടന്ന ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയില്‍ നിന്ന് ഫിലിപ്പീന്‍സിലേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് ഒരു മൗലികവകാശം മാത്രമല്ല, ഒരാള്‍ സംസാരിക്കുന്നത് മറ്റുള്ളവരുടെ നല്ലതിന് വേണ്ടിയായിരിക്കണം.” മാര്‍പാപ്പ പറഞ്ഞു. യേശുക്രസ്തുവിന്റെയും പോപ്പിന്റെയും കാര്‍ട്ടൂണ്‍ ഇതിന് മുമ്പ് ഷാര്‍ലി ഹെബ്ദോയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

തന്റെ പ്രിയ സുഹൃത്ത് തന്റെ അമ്മയെക്കുറിച്ച് മോശമായി സംസാരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഒരടി പ്രതീക്ഷിക്കണമെന്നും പോപ്പ് പറഞ്ഞു. “നിങ്ങള്‍ ആരെയും പ്രകോപിപ്പിക്കാന്‍ പാടില്ല. മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ പരിഹസിക്കരുത്. മറ്റുള്ളവരുടെ വിശ്വാസം വെച്ച് നിങ്ങള്‍ തമാശ കളിക്കരുത്.” പോപ്പ് കൂട്ടിച്ചേര്‍ത്തു.

പ്രകോപനപരമായി ആരും പെരുമാറരുതെന്നും മതത്തെ എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ദിവസങ്ങളിലായി മാഗസിന്‍ ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ 17 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. തീവ്രവാദ സംഘടനയായ യമന്‍ അല്‍-ഖ്വയിദ ആക്രമണത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്തിരുന്നു.

ആക്രമണത്തിന് ശേഷമുള്ള ആദ്യ പതിപ്പിന്റെ കവറിലും പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണാണ് പ്രസിദ്ധീകരിച്ചിരുന്നത്.  “ഞാന്‍ ഷാര്‍ലി” എന്ന മുദ്രാവാക്യം പിടിച്ചിരിക്കുന്ന പ്രവാചകന്റെ ചിത്രമായിരുന്നു മാഗസിന്‍ നല്‍കിയിരുന്നത്.

We use cookies to give you the best possible experience. Learn more