കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയ ഇസ്‌ലാമിസ്റ്റ് ഭീകരവാദികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്ന് ശ്രീലങ്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. സൈനിക വേഷയത്തില്‍ വാനിലെത്തി സ്‌ഫോടനം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
‘മറ്റൊരു ആക്രമണ പരമ്പരകൂടിയുണ്ടാവാം’ പൊലീസിലെ ഒരു വിഭാഗമായ മിനിസ്റ്റീരിയല്‍ സെക്യൂരിറ്റി ഡിവിഷന്റെ തലവന്‍ മറ്റ് സുരക്ഷാ വിഭാഗങ്ങള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.
‘ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയി അഞ്ച് ഇടങ്ങളില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നത്. ഞായറാഴ്ച ആക്രമണമുണ്ടായിട്ടില്ല. മുന്നറിയിപ്പു വന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 21ലെ ആക്രമണത്തിനുശേഷം ഭീകരവാദികളെന്നു സംശയിക്കുന്ന നിരവധി ആളുകളെയാണ് അറസ്റ്റു ചെയ്തത്. ആക്രമണത്തിനുശേഷം ആദ്യമായി ഞായറാഴ്ച രാത്രി ശ്രീലങ്കന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. എന്നാല്‍ കൊളംബോയില്‍ ദേഹപരിശോധനയും മറ്റും തുടരും.
ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ കിഴക്കന്‍ തീരമായ ബാട്ടികലോവയാണ് അക്രമങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മറ്റു ടാര്‍ഗറ്റുകള്‍ ഏതെന്ന് പരാമര്‍ശിച്ചിട്ടില്ല.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.