| Friday, 26th August 2022, 1:40 pm

ഗുലാം നബി ആസാദിനെപ്പോലെയുള്ള ആയിരക്കണക്കിന് നേതാക്കള്‍ ഈ രാജ്യത്തുണ്ട്, അവരെല്ലാം കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ദുഃഖിതരാണ്: കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗുലാം നബി ആസാദിനെപ്പോലെയുള്ള ആയിരക്കണക്കിന് നേതാക്കള്‍ ഈ രാജ്യത്തുണ്ടെന്നും, അവരെല്ലാം കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ ദുഃഖിതരാണെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗുലാം നബി ആസാദ് ഇന്ന് ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും പ്രമുഖനാണെന്നും, അദ്ദേഹം പാര്‍ട്ടി വിട്ട് പോകുന്നത് എല്ലാ കോണ്‍ഗ്രസുകാരെയും, പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെയും ദുഖിപ്പിക്കുന്ന കാര്യമാണന്നും കെ.വി. തോമസ് പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലേക്ക് കടന്നുവന്നതിന് ശേഷം മുതിര്‍ന്ന നേതാക്കള്‍ക്ക് പല കാര്യങ്ങളിലും അമര്‍ഷമുണ്ട്. രാഹുല്‍ ഗാന്ധി അവരുമായി സഹകരിക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല, എന്തിന് അദ്ദേഹത്ത നേതാക്കള്‍ക്ക് കാണാന്‍ പോലും കിട്ടുന്നില്ല. താന്‍ തന്നെ പാര്‍ട്ടി വിടാനുള്ള ഒരു കാരണം ഇതാണ്.

ബി.ജെ.പിക്കെതിരായ ഒരു ജനമുന്നേറ്റം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തില്‍ ഗുലാം നബി ആസാദിനെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തികൊണ്ടാണ് ഗുലാം നബി ആസാദിന്റെ പാര്‍ട്ടി വിടല്‍. രാഹുല്‍ ഗാന്ധിയുടേത് പക്വതയില്ലാത്തതും ഉള്‍പാര്‍ട്ടി ജനാധിപത്യം സൂക്ഷിക്കാത്തതുമായ സമീപനമാണെന്ന് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.

സോണിയ ഗാന്ധി മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും പരിഗണനയും നല്‍കിയിരുന്നുവെന്നും ഇത് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ സഹായിച്ചിരുന്നുവെന്നും, എന്നാല്‍ രാഹുല്‍ ഗാന്ധി വന്ന ശേഷം അതിലെല്ലാം മാറ്റം വന്നെന്നുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അഞ്ച് പേജുള്ള രാജിക്കത്താണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയത്.

ഏറെക്കാലമായി താന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളുടെ തീരുമാനങ്ങളെ അംഗീകരിക്കാനും അവ മനസിലാക്കാനും സോണിയ ഗാന്ധി നടത്തിയ ഇടപെടലാണ് ഒന്നാം യു.പി.എ സര്‍ക്കാരും രണ്ടാം യു.പി.എ
സര്‍ക്കാരുമുണ്ടാകാന്‍ വഴിവെച്ചതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

2013ല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയിലേക്കുള്ള വരവിന് ശേഷമാണ് കോണ്‍ഗ്രസില്‍ കാര്യമായ വീഴ്ചകളുണ്ടായതെന്നും ഗുലാം നബി ആസാദ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസിന്റെ നടപടികളെ ആരോഗ്യപരമായി വിമര്‍ശിച്ചിരുന്ന നേതാവ് കൂടിയായിരുന്നു ഗുലാം നബി ആസാദ്. അരനൂറ്റാണ്ടോളം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ജി 23 ഗ്രൂപ്പിന്റെ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ എല്ലാ ചുമതലകളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതായും അദ്ദേഹം അറിയിച്ചു. അടുത്തിടെ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി പുനസംഘടിപ്പിച്ചിരുന്നു. മറ്റ് ചുമതലകളില്‍ നിന്ന് ഗുലാം നബി ആസാദിനെ നീക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാത്രമായി നിയോഗിക്കുകയുമായിരുന്നു.

ഇതില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഒഴിയുകയാണെന്നും അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.

Content Highlight: There are thousands of leaders like Ghulam Nabi Azad in this country, all of whom are unhappy with the state of Congress; says KV. Thomas

We use cookies to give you the best possible experience. Learn more