| Saturday, 1st April 2023, 8:33 pm

ഞാന്‍ എഴുതരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്; ഉപജീവനമോ അതിജീവനമോ എന്ന ഘട്ടം വന്നപ്പോള്‍ അതിജീവനമാണ് നല്ലതെന്ന് തീരുമാനിച്ചു; സര്‍ക്കാര്‍ ജോലി രാജിവെച്ചു: ഫ്രാന്‍സിസ് നെറോണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏതൊക്കെയോ രീതിയില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും താന്‍ എഴുതരുതെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ ഉണ്ടെന്നാണ് മനസിലാക്കുന്നതെന്നും എഴുത്തുകാരന്‍ ഫ്രാന്‍സിസ് നെറോണ. സര്‍ക്കാര്‍ ജീവനക്കാരനായത് കൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും അനുവാദം വാങ്ങേണ്ടി വരികയാണെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ ജോലി രാജിവെച്ചതെന്നും അദ്ദേഹം മീഡിയാ വണ്ണിനോട് പറഞ്ഞു.

‘ഒരു ഫിക്ഷന്‍ എഴുത്തുകാരനെന്ന പേരില്‍ എഴുതുന്നതിനെല്ലാം അനുവാദം വാങ്ങിക്കുക, ഒരു എഫ്.ബി പോസ്റ്റ് ഇട്ടാല്‍ പോലും അതിന് അനുവാദം വാങ്ങിക്കുക എന്നൊരു സാഹചര്യം വരുന്നു. നിയമം പരിപാലിക്കേണ്ടതാണ്. അതിനെ ഞാന്‍ തള്ളിക്കളയുന്നില്ല. എങ്കില്‍ പോലും ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ കക്കുകളിയെക്കുറിച്ചൊരാള്‍ എന്തെങ്കിലും ഒരു ഇന്റര്‍വ്യൂ ചോദിച്ചാല്‍ പോലും പെട്ടെന്ന് ചെയ്യേണ്ട കാര്യത്തിന് പെര്‍മിഷന്‍ വാങ്ങിക്കണം.

എഴുതുന്നതിന് സര്‍ക്കാര്‍ തലത്തിലോ, ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ എനിക്ക് ഒരിക്കലും ഒരു എതിര്‍പ്പ് ഉണ്ടായിട്ടില്ല. പലരും എനിക്ക് പ്രോത്സാഹനമേ തന്നിട്ടുള്ളൂ. പക്ഷേ മാസ്റ്റര്‍പീസ് എന്ന എന്റെ നോവലിനെതിരെ ഹൈക്കോടതിയില്‍ ഒരു പരാതി വന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു മെമ്മോ എനിക്ക് കിട്ടി. അതിനുള്ള മറുപടി കൊടുത്തിട്ടുണ്ട്. ആ എന്‍ക്വയറി ഏകദേശം പൂര്‍ണമായി,’ അദ്ദേഹം പറഞ്ഞു.

എഴുത്തില്‍ നിന്ന് മാറി ഔദ്യോഗിക ജീവിതത്തില്‍ താന്‍ ഒതുങ്ങിക്കൂടണമെന്നാണ് പലരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കക്കുകളിയൊക്കെ വിവാദമായ സാഹചര്യത്തില്‍, എനിക്കെതിരെ പരാതി വന്ന സാഹചര്യത്തില്‍ എന്റെ ഭാവി എഴുത്തിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അറിയാം.

കാരണം ഞാന്‍ ജോലി ചെയ്യുന്നത് ഒരു നീതി ന്യായ വ്യവസ്ഥയുടെ കീഴിലായത് കൊണ്ട് നിയമം പരിപാലിക്കാന്‍ ബാധ്യസ്ഥനാണ്. മാസ്റ്റര്‍ പീസിനെതിരെ വന്ന പരാതിയെ തുടര്‍ന്നാണ് അതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് കക്കുകളി വിഷയം വരുന്നത്.

സ്വാഭാവികമായിട്ടും ഈ ഒരു കളിയുടെ ഭാഗമായിട്ടുള്ള മറ്റൊരു ഇടപെടലായിട്ട് ഞാന്‍ എഴുതരുത്, ഔദ്യോഗിക ജീവിതത്തില്‍ ഒതുങ്ങിക്കൂടണം എന്ന ആഗ്രഹമുള്ളവരാണ് ആ പരാതി കൊടുത്തിട്ടുള്ളത്.

രണ്ടാമത് എന്ന് പറയുന്നത് കക്കുകളി ഈ പരാതിപ്പെടുന്നവര്‍ പോലും അംഗീകരിക്കുന്നൊരു കഥയാണ്. അവര്‍ 2018ല്‍ അതിനെ അംഗീകരിക്കുകയും മാസ്റ്റര്‍ പീസിനെതിരെ വന്ന പരാതി നല്‍കി ആഴ്ചകള്‍ കഴിയുമ്പോഴേക്കും കക്കുകളി വിവാദമാകുന്നു. (കക്കുകളിയുടെ സംവിധായകന്‍ ജോബ് മഠത്തില്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖം )

ഏതൊക്കെയോ രീതിയില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ട്. ഞാന്‍ എഴുതരുതെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ ഉണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അദ്ദേഹം തന്നെയാണ് എഫ്.ബി പോസ്റ്റിലൂടെ ജോലി രാജിവെക്കുന്ന കാര്യം അറിയിച്ചത്.

വളരെ ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്നും മാസ്റ്റര്‍ പീസ് എന്ന നോവലിനെതിരെ വന്നിരിക്കുന്ന പരാതിയുടെ ഭാഗമായിട്ടാണ് ജോലി ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. കക്കുകളി വിവാദമായത് കൊണ്ട് ഇനി അങ്ങോട്ടുള്ള ഔദ്യോഗിക ജീവിതവും എളുപ്പമായിരിക്കില്ലെന്നും ഉപജീവനമാണോ അതിജീവനമാണോ തുടരുക എന്നൊരു ഘട്ടം വന്നപ്പോള്‍ അതിജീവനമാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT: There are those who wish I should not write; When it came down to survival or survival, survival was better: Francis Nero

We use cookies to give you the best possible experience. Learn more