കേരളത്തില്‍ താലിബാന്‍ ആശയക്കാര്‍ ഉണ്ട്, ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍; ബി.ജെ.പി സെമിനാറില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍
കോഴിക്കോട്: കേരളത്തിലും താലിബാന്‍ ആശയക്കാരുണ്ടെന്ന് പ്രൊഫസര്‍ ഹമീദ് ചേന്ദമംഗലൂര്‍. ബി.ജെ.പി കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ‘താലിബാനിസം വിസ്മയമോ”എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവര്‍ ഏഴാം നൂറ്റാണ്ടിലെ ഇസ്‌ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണെന്നും ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു.
കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമര്‍ഥ്യജീവികളാണ്. താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയാറാവുന്നില്ലെന്നും. അദ്ദേഹം ആരോപിച്ചു. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികളെന്നും ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു.
വിസ്മയം പോലെ താലിബാനെന്ന് 1996ലും അഫ്ഗാന്‍ സ്വതന്ത്രമെന്ന് ഇപ്പോഴും ഒന്നാം പേജില്‍ തലക്കെട്ട് നിരത്തിയ മാധ്യമം ദിനപത്രം ജമാത്തെ ഇസ്‌ലാമിയുടെ മുഖപത്രം എന്ന നിലയില്‍ താലിബാന്‍ നല്ലതാണെന്ന ആശയമാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജെയ്ഷേ മുഹമ്മദും ലഷ്‌കര്‍ ഇ- ത്വയിബയും അല്‍ഖ്വെയ്ദയുമൊക്കെ ഇതേ ആശയത്തേയാണ് പ്രതിനിധീകരിക്കുന്നത്. ലോകത്ത് മുഴവന്‍ ഇസ്‌ലാം മതം സ്ഥാപിക്കലാണ് മുസ്‌ലിം മതമൗലികവാദികളുടെ ലക്ഷ്യമെന്നും ഇത്തരം ആശയക്കാര്‍ ഇന്ന് കേരളത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കല്‍ബുര്‍ഗിയും പന്‍സാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോള്‍ രംഗത്തു വന്നവര്‍ താലിബാന്‍കാര്‍ ഹാസ്യനടനെ അടിച്ചു കൊന്നപ്പോഴും നാടോടി ഗായകനെ വെടിവെച്ചുകൊന്നപ്പോഴും പ്രതികരിക്കുന്നില്ല. 1993 ല്‍ ചേകന്നൂര്‍ മൗലവിയെ കൊലചെയ്തപ്പോഴും കോയമ്പത്തൂരില്‍ എച്ച്. ഫറൂഖിനെ വധിച്ചപ്പോഴും മലാലാ യൂസഫ് എന്ന പെണ്‍കുട്ടി വേട്ടയാടപ്പെട്ടപ്പോഴും ഇവര്‍ നിശബ്ദരായിരുന്നെന്നും ഹമീദ് ആരോപിച്ചു.