| Monday, 27th April 2020, 11:29 am

'പലതരം ആളുകള്‍ ഇതെല്ലാം മുതലെടുക്കാന്‍ ഉണ്ട്'; കൊവിഡ് ഭേദമായവരെ ലക്ഷ്യമിടുന്ന സംഘത്തെ കുറിച്ച് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ഭേദമായി വീട്ടില്‍ തിരിച്ചെത്തിയവരെ ടെലഫോണില്‍ ബന്ധപ്പെട്ട് ചിലര്‍ തുടര്‍ ചികിത്സ വാഗ്ദാനം ചെയ്യുന്നെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

പലതരം ആളുകള്‍ ഇതെല്ലാം മുതലെടുക്കാന്‍ ഉണ്ടെന്നും അവരുടെ ബിസിനസ് താത്പര്യം എന്താണെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘രോഗം ഭേദമായി വീട്ടില്‍ വരുന്ന ആളുകള്‍ ആശുപത്രിയില്‍ കിടന്ന് വരികയാണെന്ന് എല്ലാവര്‍ക്കും അറിയില്ലേ. അത് മുതലെടുക്കാന്‍ ഏതോ കക്ഷികള്‍ അവരുടെ നമ്പര്‍ എടുത്തിട്ട് വിളിക്കുകയാണ്. പക്ഷേ രോഗം ഭേദമായി എത്തിയവര്‍ നന്നായി തന്നെ പെരുമാറി. ഞങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് കാണിച്ചതെന്നും ഇനി ചെക്കപ്പിനും അവിടെ തന്നെയാണ് പോകുന്നത് എന്നും അവര്‍ കൃത്യമായി പറഞ്ഞു.

എനിക്കാണ് രോഗമെന്ന് വിചാരിക്കുക, ഞാന്‍ രോഗം ഭേദമായി വീട്ടില്‍ ഇരിക്കുകയാണെങ്കില്‍ എന്റെ നമ്പര്‍ അറിയുന്നവര്‍ വിളിക്കും. അതില്‍ അത്ഭുതമില്ല. എന്നാല്‍ അത്തരത്തില്‍ വിളിച്ച് ആരേയും ഇടപെടാന്‍ അനുവദിക്കില്ല എന്ന് നമ്മള്‍ കര്‍ശനമായി പറഞ്ഞിട്ടുണ്ട്.

രോഗം ഭേദമായവരുടെ ചെക്കപ്പ് എവിടെയാണോ ചികിത്സിച്ചത് ആ ആശുപത്രിയില്‍ തന്നെയാണ്. അതിലൊന്നും മുതലെടുക്കാന്‍ ആരും ശ്രമിക്കേണ്ട. പലതരം ആളുകളുണ്ട് ഇതെല്ലാം മുതലെടുക്കാന്‍ വേണ്ടി. അസുഖം ഭേദമായ ഏതെങ്കിലും ഒരാളെയെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ ശുശ്രൂഷിച്ച് അസുഖം ഭേദമാക്കി എന്ന് പറയാനോ മറ്റോ ആയിരിക്കാം. എന്താണ് ഇതിലെ ബിസിനസ് താത്പര്യം എന്നറിയില്ല. അങ്ങനെയാരു വാര്‍ത്ത കണ്ടു. സര്‍ക്കാരിന്റെ ഏജന്‍സിയൊന്നും അല്ല ഇത്തരത്തില്‍ വിളിക്കുന്നതെന്ന് ഇന്നലെ തന്നെ വ്യക്തമായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അസുഖം ഭേദമായി പോയവര്‍ക്ക് ആപ്പിന്റെ ആവശ്യമൊന്നും ഇല്ല. അവരുടെ വിവരങ്ങള്‍ ലഭിക്കാന്‍ എന്താണ് ബുദ്ധിമുട്ടെന്നും മന്ത്രി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more