അവന്‍ ലോകകപ്പ് കളിക്കുന്നുണ്ടെങ്കില്‍ ഞാനില്ല, പകരം ആളെ നോക്കെന്ന് ഷാകിബ്; ബംഗ്ലാ ക്യാമ്പില്‍ ആശങ്ക, റിപ്പോര്‍ട്ട്
2023 ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ.
ബംഗ്ലാദേശ് നായകൻ ഷാകിബ് അൽ ഹസനും, ബാറ്റർ തമീം ഇക്ബാലും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്ക് കാരണം ലോകകപ്പിലെ അഞ്ച് മത്സരങ്ങളിൽ മാത്രമേ കളിക്കാൻ സാധിക്കൂ എന്ന് തമിം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു.
തന്നെ ലോകകപ്പിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ താൻ ഫിറ്റല്ലെന്ന കാര്യം പരിഗണിക്കണമെന്നും ലോകകപ്പിലെ അഞ്ച് മത്സരങ്ങളിൽ കൂടുതൽ തനിക്ക് കളിക്കാൻ കഴിയില്ലെന്നും തമീം ഇക്ബാൽ പറഞ്ഞതായും സോമോയ് ടി.വി റിപ്പോർട്ട് ചെയ്തു.
ഇതിനുപിന്നാലെയാണ് തമീമിന്റെ ആവശ്യം അനുവദിച്ചാൽ താൻ ലോകകപ്പിൽ കളിക്കില്ലെന്ന പ്രതികരണവുമായി ബംഗ്ലാ നായകൻ ഷാകിബ് രംഗത്ത് വന്നത്.
‘തമീം ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ചാൽ ഷാകിബ് ലോകകപ്പ് കളിക്കില്ലെന്നും അതിനാൽ തനിക്ക് പകരം മറ്റൊരു താരത്തെ കളിപ്പിക്കണമെന്നും ഷാകിബ് പറഞ്ഞു. ഇതിനായി താരം ഇന്നലെ രാത്രി ബി.സി.ബി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി’, ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമുകളായ ബംഗ്ലാ ടൈഗേഴ്‌സിന്റെയും രംഗ്പൂർ റൈഡേഴ്സിന്റെയും സോഷ്യൽ മീഡിയ മാനേജർ ഏക്സിൽ പോസ്റ്റ് ചെയ്തു.
നേരത്തെ നട്ടെല്ലിന് പരിക്കേറ്റ തമീമിന് ഏഷ്യാ കപ്പ് ടൂർണമെന്റ് നഷ്ടമായിരുന്നു. എന്നാൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ താരം തിരിച്ചു വരികയായിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിലെ മത്സരത്തിന് ശേഷം താരം തന്റെ പരിക്കിന്റ തീവ്രതയെക്കുറിച്ച് പറഞ്ഞിരുന്നു. തനിക്കിപ്പോഴും അസ്വസ്ഥതകൾ ഉണ്ട് എന്നാണ് തമീം പറഞ്ഞത്.
ബംഗ്ലാദേശിനു വേണ്ടി 2007ൽ ഏകദിനത്തിൽ അരങ്ങേറിയ താരം 243 മത്സരങ്ങളിൽ നിന്നും 8357 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 14 സെഞ്ച്വറികളും 56 അർധസെഞ്ച്വറികളും താരത്തിന്റ പേരിലുണ്ട്.
ഒക്ടോബർ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ലോകകപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരം.
Content Highlight: There are reports that there are problems in the Bangladesh team before the World Cup.