2026 ലോകകപ്പിന് ശേഷം ആ ദേശീയ ടീമിന്റെ പരിശീലകനായി ക്ളോപ്പ് എത്തുന്നു; റിപ്പോർട്ട്
Football
2026 ലോകകപ്പിന് ശേഷം ആ ദേശീയ ടീമിന്റെ പരിശീലകനായി ക്ളോപ്പ് എത്തുന്നു; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 9:09 pm

2026 ഫിഫ ലോകകപ്പിന് ശേഷം യര്‍ഗന്‍ ക്‌ളോപ്പിനെ ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി നിയമിക്കാന്‍ ടീം താത്പര്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദി ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂലിയന്‍ നെഗസ്മാനാണ് നിലവിലെ ജര്‍മനി ടീമിന്റെ പരിശീലകന്‍.

അടുത്ത ലോകകപ്പ് വരെയാണ് നെഗസ്മാന് ജര്‍മനി ടീമിനൊപ്പമുള്ള കരാര്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ജൂലിയന് പകരക്കാരനായി ക്ലോപ്പിനെ പരിശീലകനാക്കാനായിരിക്കും ജര്‍മനി ലക്ഷ്യം വെക്കുക. ഈ വിഷയത്തെക്കുറിച്ച് ജര്‍മന്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ റൂഡി വ്‌ലോഗര്‍ സംസാരിക്കുകയും ചെയ്തു.

‘യര്‍ഗന്‍ വീണ്ടും എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല. ജൂലിയന്‍ നെഗ്ലസ്മാന്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വീണ്ടും ഒരു മികച്ച ക്ലബ്ബിനെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ക്‌ളോപ്പ് ഇത് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ക്‌ളോപ്പിനെ ഞങ്ങള്‍ കൊണ്ടുവരും,’ റൂഡി വോളര്‍ അക്റ്റിയുല്ലെ സ്‌പോര്‍ട്‌സ് സ്റ്റുഡിയോയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂളിനൊപ്പം പരിശീലകനെന്ന നിലയില്‍ ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ ക്‌ളോപ്പ് കഴിഞ്ഞ സീസണിലായിരുന്നു ടീമിൽ നിന്നും പടിയിറങ്ങിയത്. 2015ല്‍ ബ്രണ്ടന്‍ റോഡ്ജേഴ്സിന് പകരക്കാരനായാണ് ക്ളോപ്പ് ലിവര്‍പൂളിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ക്ലോപ്പിന്റെ വരവോടുകൂടി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നീട് മികച്ച മുന്നേറ്റമായിരുന്നു കാഴ്ചവെച്ചത്.

ടീമിനെ പുനര്‍നിര്‍മിക്കുകയും മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ലിവര്‍പൂളിനെ മികച്ച ടീമാക്കി മാറ്റാന്‍ ക്ലോപ്പിന് സാധിച്ചിരുന്നു. പരിശീലകനായി ലിവര്‍പൂളിനെ 491 മത്സരങ്ങളിലാണ് ക്ലോപ്പ് നിയന്ത്രിച്ചിട്ടുള്ളത്. ഇതില്‍ 299 മത്സരങ്ങളും വിജയിച്ചപ്പോള്‍ 83 മത്സരങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്. 109 മത്സരങ്ങള്‍ ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ സമനില പിടിക്കുകയും ചെയ്തു.

ലിവര്‍പൂളിനായി എട്ട് കിരീടങ്ങള്‍ ആണ് ക്ലോപ്പ് ഒമ്പത് വര്‍ഷത്തിനുള്ളില്‍ നേടികൊടുത്തത്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, എഫ്.എ കപ്പ്, എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ്, രണ്ട് കാരബാവോ കപ്പ് എന്നീ ട്രോഫികള്‍ ആണ് ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡിന്റെ മണ്ണിലെത്തിച്ചത്.

അടുത്തിടെ സ്വന്തം തട്ടകത്തില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നെഗ്ലസ്മാന് കീഴില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനേ ജര്‍മനിക്ക് സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ജര്‍മനി തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

എന്നാല്‍ യുവേഫ നേഷന്‍സ് ലീഗില്‍ മിന്നും പ്രകടനം നടത്തിയാണ് ജര്‍മന്‍പട തിരിച്ചുവന്നത്. ഹംഗറിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി ടൂര്‍ണ്ണമെന്റിലേക്ക് വരവറിയിച്ചത്. പിന്നീട് നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ജര്‍മനി സമനില പിടിക്കുകയും ചെയ്തു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ഒക്ടോബര്‍ 12ണ് ബോസ്‌നിയക്കെതിരെയാണ് ജര്‍മനിയുടെ അടുത്ത മത്സരം. ബോസ്‌നിയയുടെ തട്ടകമായ ബിലിനെ പൊലീജെ സ്റ്റേഡിയമാണ് വേദി.

 

Content Highlight: There are reports that the team is interested in appointing Jurgen Klopp as the coach of the German football team