| Wednesday, 2nd October 2024, 3:36 pm

ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; പരമ്പര ജയച്ചതിന്റെ സന്തോഷത്തിനിടെ ആരാധകര്‍ക്ക് കണ്ണുനീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ട് മത്സരവും ആധികാരികമായി വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലായിരുന്നു കാണ്‍പൂരിലെ ഇന്ത്യയുടെ വിജയം. മഴ മൂലം മത്സരത്തിന്റെ രണ്ടര ദിവസത്തിലധികം നഷ്ടമായിരുന്നു. നാലാം ദിവസത്തിന്റെ ലഞ്ചിന് ശേഷമാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ അഞ്ചാം ദിനം ചായക്ക് പിരിയും മുമ്പ് തന്നെ മത്സരം വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 18ാം വിജയം സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ പടയൊരുക്കം തുടങ്ങുന്ന ഇന്ത്യക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

സൂപ്പര്‍ താരം മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാല്‍മുട്ടിന് പരിക്കുണ്ടെന്നും പൂര്‍ണ ആരോഗ്യവാനായി താരം മടങ്ങിയെത്താന്‍ ഇനിയും ആറ് മുതല്‍ എട്ട് ആഴ്ച വരെ സമയം വേണ്ടി വന്നേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരിച്ചുവരവിന്റെ ഭാഗമായി താരം എന്‍.സി.എയില്‍ പന്തെറിഞ്ഞ് പ്രാക്ടീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ഈ പരിക്ക് താരത്തെ വീണ്ടും തളര്‍ത്തിയിരിക്കുകയാണ്.

‘ഷമി വീണ്ടും പന്തെറിയാന്‍ ആരംഭിച്ചിരുന്നു. ക്രിക്കറ്റിലേക്കതുള്ള തിരിച്ചുവരവിനായി ഷമി ഏറെ പരിശ്രമിച്ചിരുന്നു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്. ബി.സി.സി.ഐയുടെ മെഡിക്കല്‍ ടീം കാര്യങ്ങള്‍ വിലയിരുത്തുകയാണ്, എന്നാല്‍ ഇതിന് അല്‍പം സമയമെടുത്തേക്കും,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2023 ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ താരത്തിന് ഏറെ നാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. പരിക്ക് വലച്ചതോടെ 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു.

എന്നാല്‍ താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്താനുള്ള പരിശ്രമത്തിലാണെന്നും ഷമി നേരത്തെ പറഞ്ഞിരുന്നു.

‘ഞാന്‍ ഇതിനോടകം തന്നെ പന്തെറിയാന്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്നിരുന്നാലും പൂര്‍ണ ആരോഗ്യവാനായതിന് ശേഷം മാത്രം, നൂറ് ശതമാനം ഫിറ്റായതിന് ശേഷം മാത്രമായിരിക്കും ഞാന്‍ തിരിച്ചുവരിക. തിരിച്ചുവരുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

ന്യൂസിലാന്‍ഡിനെതിരെയോ ഓസ്‌ട്രേലിയക്കെതിരെയോ നടക്കുന്ന പരമ്പരയിലായിരിക്കും ഞാന്‍ ടീമിന്റെ ഭാഗമാവുക. ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ പങ്കെടുത്ത് പരിക്ക് പറ്റിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കെന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കായി പുറത്തെടുക്കണം,’ എന്നായിരുന്നു ഷമി പറഞ്ഞത്.

നിലവിലെ സാഹചര്യം അനുസരിച്ച് ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയുടെ ഭാഗമാകാന്‍ മുഹമ്മദ് ഷമിക്ക് സാധിക്കില്ല. നവംബര്‍ 22ന് ആരംഭിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമാകാനുള്ള സാധ്യതകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

നവംബര്‍ 22നാണ് ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ആരംഭമാകുന്നത്. ഓസ്ട്രേലിയയാണ് ഇത്തവണ പരമ്പക്ക് വേദിയാകുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബി.ജി.ടി അഞ്ച് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീരിസിനുണ്ട്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം 2024

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.

ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: There are reports that Mohammed Shami’s return will be delayed

We use cookies to give you the best possible experience. Learn more