| Friday, 1st July 2022, 1:41 pm

ഇവിടെ ഭയപ്പെടേണ്ട കാര്യങ്ങളുണ്ട്: അമര്‍ത്യാ സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം കാണിക്കരുതെന്നും സെന്‍ പറഞ്ഞു.

‘എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. ഇപ്പോള്‍ ഭയപ്പെടാന്‍ ഒരു കാരണമുണ്ട്. നിലവില്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളാണ് ആ ഭയത്തിന് കാരണം,’ സെന്‍ പറഞ്ഞു.

അമര്‍ത്യ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ് ആഗ്രഹം. ചരിത്രപരമായി സ്വതന്ത്ര ചിന്താഗതിയുള്ള രാജ്യത്ത് മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവിന്റെ ആവശ്യമില്ല,’ സെന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമായോ, മുസ്‌ലിം രാഷ്ട്രമായോ നിലയുറപ്പിക്കാന്‍ സാധിക്കില്ലെന്നും മനുഷ്യരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാകാനോ, മുസ്‌ലിം രാഷ്ട്രമാകാനോ കഴിയില്ല. എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം,’ സെന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ രാജ്യത്ത് ചേരിതിരിവും മതപരമായ കലാപങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് അമര്‍ത്യാ സെന്നിന്റെ പ്രതികരണം.

അടുത്തിടെ ടൈംസ് നൗ ചാനലില്‍ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശം വലിയ വിവാദമായിരുന്നു. രാജ്യത്തിനകത്തും പുറത്തും നുപുര്‍ ശര്‍മയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പ്രവാചക നിന്ദയ്‌ക്കെതിരെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ,പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നുപുറിനെതിരെ നിലവില്‍ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുപ്രീം കോടതിയും നുപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രവാചകനെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും അതിന് ശേഷം രാജ്യത്ത് നടന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും കാരണം നുപുര്‍ ശര്‍മയാണെന്നും സുപ്രീം കോടതി പ്രതികരിച്ചു.

ഗ്യാന്‍വാപി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പോയി എന്തിന് വിഷയം ചര്‍ച്ച ചെയ്തുവെന്നും കോടതി ചോദിച്ചു.

Content Highlight: There are reasons to be afraid says amartya sen

We use cookies to give you the best possible experience. Learn more