| Saturday, 4th January 2020, 2:31 pm

രാജിവെച്ചെങ്കില്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് ലഭിക്കേണ്ടേ; അല്ലെങ്കില്‍ രാജ്ഭവന്?; ശിവസേന നേതാവിന്റെ രാജിയില്‍ സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനാ നേതാവും മന്ത്രിയുമായ അബ്ദുള്‍ സത്താറിന്റെ രാജിവാര്‍ത്ത തള്ളി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.

മന്ത്രിസഭയില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അത്തരമൊരു രാജിയെ കുറിച്ച് ആര്‍ക്കും അറിവില്ലെന്നുമായിരുന്നു സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

” ഏതെങ്കിലും ഒരു മന്ത്രി രാജിവെച്ചാല്‍ സാധാരണ നിലയില്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുകയാണ് പതിവ്. അല്ലെങ്കില്‍ രാജ്ഭവന്. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഇതേപ്പറ്റി അറിവില്ല. പിന്നെ ഈ വാര്‍ത്ത എവിടെ നിന്നുണ്ടായി”- സഞ്ജയ് റാവത്ത് ചോദിച്ചു.

അബ്ദുള്‍ സത്താര്‍ രാജിവെച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം രാജിവെച്ചിട്ടില്ലെന്നും രാജ്യസഭാ എം.പി അനില്‍ ദേശായിയും പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അദ്ദേഹം രാജിവെച്ചിട്ടില്ല. അത്തരം രാജിയൊന്നും അംഗീകരിക്കുകയുമില്ല. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. – അദ്ദേഹം പറഞ്ഞു.  ശിവസേനയില്‍ നിന്നും മന്ത്രിസ്ഥാനം ലഭിച്ച ഏക മുസ്‌ലിം നേതാവാണ് അബ്ദുള്‍ സത്താര്‍.

കാബിനറ്റ് പദവി ലഭിച്ചില്ലെന്നാരോപിച്ചാണ് അബ്ദുള്‍ സത്താര്‍ രാജിവെച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കാബിനറ്റ് മന്ത്രി സ്ഥാനം തനിക്ക് ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ സഹമന്ത്രി സ്ഥാനം മാത്രമേ ലഭിച്ചുള്ളൂവെന്നും ഏതു വകുപ്പാണെന്ന കാര്യത്തിലും ഇതുവരെയും തീരുമാനമായിട്ടില്ലെന്നും സത്താര്‍ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.

മന്ത്രി സഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ 30നാണ് അബ്ദുള്‍ സത്താര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന അബ്ദുള്‍ സത്താര്‍ കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ശിവസേനയില്‍ ചേരുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രി സഭ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്ദവ് താക്കറെ സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത നാലു മുസ്ലീം നേതാക്കളിലൊരാളാണ് സത്താര്‍. എന്‍.സി.പിയുടെ നവാബ് മാലിക്ക്, ഹസന്‍ മുഷ്രിഫ്, കോണ്‍ഗ്രസിന്റെ അസ്ലം ഷെയ്ക്ക് തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍.

സില്ലോദ് നിയോജക മണ്ഡലത്തില്‍നിന്നും മൂന്നു തവണ എം.എല്‍.എയായ സത്താര്‍ 2014 മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാരിലെ മന്ത്രിയായിരുന്നു.

We use cookies to give you the best possible experience. Learn more