കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ “വയല്‍ക്കിളി”കള്‍ നടത്തുന്ന സമരത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. വയല്‍ക്കിളികളുടെ സമരത്തിലുള്ള നോബിള്‍ പൈകട, സണ്ണി അമ്പാട്ട് എന്നിവര്‍ മാവോയിസ്റ്റുകളാണെന്നാണ് ജയരാജന്‍ ആരോപിച്ചത്. മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്.
ചര്‍ച്ചയില്‍ ജയരാജന്‍ പറഞ്ഞത് ഇങ്ങനെ:
“കീഴാറ്റൂരിലെ സമരം മേല്‍വിലാസമില്ലാതെ നിലം പതിച്ചിരിക്കുകയാണ്. ഇനി അതിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കണമെങ്കില്‍ പുറത്തു നിന്ന് ആളുവേണം. ഇവിടെ നോബിള്‍ പൈകടയെ പറ്റി പറഞ്ഞല്ലോ. ആരാണ് അദ്ദേഹം? ഈ നാട്ടിലെ ജനങ്ങള്‍ മനസിലാക്കണം. നോബിള്‍ പൈകട എന്നു പറയുന്നത് കീഴാറ്റൂരിലെ “വയല്‍ക്കിളി” അല്ല. അദ്ദേഹത്തിന് അവിടെ ഭൂമി ഇല്ല. അദ്ദേഹം മാവോയിസ്റ്റ് രാഷ്ട്രീയം നാട്ടിലുടനീളം പ്രചരിപ്പിക്കുന്ന ഒരാളാണ്. മാവോയിസ്റ്റുകളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത് എന്ന് നേരത്തേ ഞങ്ങള്‍ ആക്ഷേപിച്ചു. വളരെ കറക്ടാണെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. അദ്ദേഹം മാത്രമല്ല, ഒരു സണ്ണി അമ്പാട്ട്. ഇവരൊക്കെ മാവോയിസ്റ്റുകളാണ്.”
അവതാരകയുടെ തൊട്ടടുത്ത ചോദ്യത്തില്‍ മാവോയസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ജയരാജന്‍ പറഞ്ഞു.
താങ്കള്‍ ചോദ്യം ചെയ്യുന്നത് താങ്കളുടെ സര്‍ക്കാറിനെയാണ് എന്നും ഈ സമരസമിതി നേതാക്കള്‍ മാവോയിസ്റ്റുകളാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലാ എന്നായിരുന്നു അവതാരകയായ ഷാനി പ്രഭാകരന്റെ ചോദ്യം. മാവോയിസ്റ്റു നിലപാടുള്ള ആളുകളെ ദ്രോഹിക്കേണ്ട ആവശ്യമെന്താണെന്നാണ് ഇതിനുത്തരമായി ജയരാജന്‍ പറഞ്ഞത്.
സമരത്തിന് സഖ്യകക്ഷിയായ സി.പി.ഐ ഉള്‍പ്പെടെ പിന്തുണ അറിയിച്ച സാഹചര്യത്തിലാണ് സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് ജയരാജന്‍ ആരോപിച്ചത്. അതേസമയം, “വയല്‍ക്കിളികള്‍” നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ബുധനാഴ്ച സമരത്തിന് പിന്തുണയറിയിച്ച് കീഴാറ്റൂരിലെത്തും.
കൗണ്ടര്‍ പോയിന്റ് ചര്‍ച്ച കാണാം: