മാര്‍ക്‌സിസ്റ്റ് വിരുദ്ധ കണ്ടന്റിനായി വിദ്വേഷ പ്രചാരകരുടെ യൂട്യൂബ് ഭക്ഷിക്കുന്ന ധാരാളം കോണ്‍ഗ്രസുകാരുണ്ട്: എസ്.എ. അജിംസ്
Kerala News
മാര്‍ക്‌സിസ്റ്റ് വിരുദ്ധ കണ്ടന്റിനായി വിദ്വേഷ പ്രചാരകരുടെ യൂട്യൂബ് ഭക്ഷിക്കുന്ന ധാരാളം കോണ്‍ഗ്രസുകാരുണ്ട്: എസ്.എ. അജിംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2024, 7:14 pm

കോഴിക്കോട്: സി.പി.ഐ.എം വിരുദ്ധ, മാര്‍ക്‌സിസ്റ്റ് വിരുദ്ധ കണ്ടന്റിനായി വിദ്വേഷ പ്രചാരകരുടെ യുട്യൂബ് ചാനലുകളെ ആശ്രയിക്കുന്ന ധാരാളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ എസ്.എ. അജിംസ്.

ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പരാജയത്തെ വിലയിരുത്തിക്കൊണ്ട് മീഡിയ വണ്ണിന്റെ ഔട് ഓഫ് ഫോക്കസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിദ്വേഷ പ്രചാരകരുടെ യുട്യൂബ് ചാനലിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഇക്കാര്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇത്തരം വിദ്വേഷ പ്രചാരകര്‍ക്ക് വേണ്ടി രംഗത്ത് വന്നതിനെയും പരിപാടിയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഇവര്‍ രണ്ട് പേരും മാത്രമല്ല, മറ്റു നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇത്തരം വിദ്വേഷ പ്രചാരകരുടെ യുട്യൂബ് ചാനലുകളെ ആശ്രയിക്കുന്നുണ്ടെന്നും അജിംസ് പറഞ്ഞു.

സി.പി.ഐ.എം വിരുദ്ധ, മാര്‍ക്‌സിസ്റ്റ് വിരുദ്ധ കണ്ടന്റുകള്‍ക്കായാണ് അവര്‍ ഇത്തരം ചാനലുകളെ ആശ്രയിക്കുന്നതെന്നും മറ്റേതൊരു സി.പി.ഐ.എം വിരുദ്ധരേക്കാളും നന്നായി ഈ വിദ്വേഷ പ്രചാരകര്‍ ഇത് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനവര്‍ അഡിക്റ്റാണെന്നും ദിവസവും ഇത് കണ്ടിരിക്കുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിനെയും പിണറായി വിജയനെയും ചീത്ത വിളിച്ച് സംസാരിക്കുകയാണ് അവരെന്നും അജിംസ് പറഞ്ഞു. ഇത്തരം കണ്ടന്റുകളിലൂടെ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിന്റെ വലിയൊരു വിഭാഗവും വലതുപക്ഷവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കോണ്‍ഗ്രസ് തിരിച്ചറിയേണ്ട കാര്യമാണെന്നും ഇവരുടെ മുഖ്യശത്രു സി.പി.ഐ.എം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇതേ രീതിയില്‍ പാലക്കാട്ടെ സി.പി.ഐ.എമ്മിലെ വലതുപക്ഷത്തിന്റെ പ്രധാന ശത്രു ബി.ജെ.പി അല്ലാതിരിക്കുകയും കോണ്‍ഗ്രസായി മാറുകയും ചെയ്തു എന്നും അജിംസ് പറഞ്ഞു. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ എന്ന നിലയില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അവരുടെ ഐഡിയോളജികളിലെ സാമ്യതകള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രമ്യ ഹരിദാസിന് മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമയുമായുള്ള ബന്ധത്തെ ചര്‍ച്ചയില്‍ സി.ദാവൂദൂം വിമര്‍ശിച്ചു. വിദ്വേഷ പ്രചാരകന് സംരക്ഷണം നല്‍കുമെന്ന എറണാകുളം ഡി.സി.സി. പ്രസിഡന്റിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. വിദ്വേഷ പ്രചാരകരുമായുള്ള സൗഹൃദവും അടുപ്പവും കോണ്‍ഗ്രസ് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

content highlights: There are many Congressmen who feed on hatemongers’ YouTube for anti-Marxist content: S.A. Ajims