ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ ജോഡിയാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഹൃദയത്തിന് മുമ്പ് പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചെങ്കിലും അധികസമയം ഉണ്ടായിരുന്നില്ല. പിന്നാലെ വന്ന ഹൃദയത്തില്‍ സെക്കന്റ് ഹാഫ് മുഴുവന്‍ ഒരുമിച്ച് അഭിനയിച്ച പ്രണവിന്റേയും കല്യാണിയുടെയും കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഹൃദയത്തിന് ശേഷം സിനിമാ പ്രേമികള്‍ ഏറെ ആഘോഷിച്ച ജോഡിയായിരുന്നു പ്രണവിന്റേയും കല്യാണിയുടേതും.
ഇരുവരും വീണ്ടും ഒരുമിച്ചേക്കാം എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹൃദയത്തിന്റെ കലാസംവിധായകനായ പ്രശാന്ത് അമരവിളയാണ് ഇത് സംബന്ധിച്ച ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഹൃദയത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മൂവരും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ‘വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.
അടുത്തിടെ അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇനി അതല്ല വിനീത് ശ്രീനിവാസന്റെ ചിത്രം തന്നെ ആയിരിക്കും എന്നും ചില ആരാധകര്‍ പറയുന്നുണ്ട്.
2021 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ചിത്രം എന്ന നേട്ടം ഹൃദയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഹിഷാം അബ്ദുള്‍ വഹാബിനും ലഭിച്ചിരുന്നു.
ഹൃദയത്തിന്റെ ഹിന്ദി റീമേക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്റ്റാര്‍ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സുമാണ് ‘ഹൃദയ’ത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയത്. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനെ നായകനായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
View this post on Instagram
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിര്‍മിച്ചത്. ദര്‍ശന രാജേന്ദ്രന്‍, അരുണ്‍ കുര്യന്‍, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Content Highlight: There are indications that pranav mohanlal and kallyani priyadarshan may be together again