| Saturday, 25th November 2023, 9:51 am

കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമം നടക്കുന്നു: ഗീവർഗീസ് മാർ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കേരളത്തിൽ ഇസ്‌ലാമോഫോബിയ വളർത്താൻ ശ്രമം നടക്കുന്നതായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. കളമശ്ശേരി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു സമുദായത്തെ പ്രതിയാക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മൾ തിരിച്ചുപിടിച്ച നവോത്ഥാന മൂല്യങ്ങളൊക്കെ നഷ്ടപ്പെടുന്ന ഒരു ട്രെൻഡ് ഇന്ന് കാണാൻ സാധിക്കും. അതിനെതിരെ ജാഗ്രതയോടെ ഉണർന്നിരിക്കേണ്ട ഒരു കാലമാണിത്. അവിടെ എല്ലാവരും ജാതി, മത, വർണ, വർഗ ചിന്തകൾക്ക് അതീതമായി ഒരുമിച്ച് നിൽക്കേണ്ട കാലമാണിത്.

ഏതെങ്കിലും ഒരു മതത്തെ മനസ്സിൽ കാണുകയും അവരെ വില്ലനായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ശക്തി പ്രാപിച്ചുവരികയാണ്. ഇത് ഇസ്‌ലാമോഫോബിയ പോലുള്ള ആഗോള പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.

നിർഭാഗ്യവശാൽ കേരളത്തിലും അതിന്റെ സ്വാധീനമുണ്ട് എന്ന് നമുക്ക് പറയേണ്ടിവരും. അതൊക്കെ ഇല്ലാതാകുന്ന, നമ്മളൊക്കെ മൈത്രിയിൽ കഴിഞ്ഞുപോയ ആ കാലം തിരിച്ചുപിടിക്കാനായി നമുക്കെല്ലാവർക്കും സാധിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.

കച്ചവട താത്പര്യത്തിന് അടിപ്പെട്ട് പോകുന്ന പ്രവണതയിലാണ് നമുക്ക് അടിസ്ഥാനപരമായി വീഴ്ച സംഭവിക്കുന്നത്. അത് രാഷ്ട്രീയത്തിലും പ്രകടമാണ്. അത് വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ കലഹങ്ങൾ ഉണ്ടാവുകയും ഉണ്ടാക്കുകയും ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സ്വതന്ത്ര ഫലസ്തീൻ വേണമെന്നും പാരമ്പര്യമനുസരിച്ച് ഇന്ത്യ ഫലസ്തീൻ ഒപ്പം നിൽക്കണമെന്നും ബിഷപ്പ് പറഞ്ഞു.

‘ഫലസ്തീൻ വിഷയത്തിൽ പരമ്പരാഗതമായി ഇന്ത്യ എടുത്ത ഒരു നിലപാടുണ്ട്. അത് വളരെ ശക്തമായി പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി, അവരുടെ സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടിയുള്ള, ഒരു സംശയത്തിനും ഇട കൊടുക്കാത്ത നിലപാടാണ്.

അതിനൊരു മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇന്ന് നിലവിലില്ല. സ്വതന്ത്രയിലും ഇസ്രഈലും സ്വതന്ത്ര ഫലസ്തീനും, രണ്ടു രാജ്യങ്ങളായി സഹവർത്തിത്തത്തോടെ കഴിയുക എന്നുള്ള ഫോർമുല അല്ലാതെ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തങ്ങൾ ഒഴിയുമ്പോൾ ജീവിതത്തിലെ മറ്റ് മേഖലകളിൽ കൂടുതൽ സ്വാതന്ത്ര്യവും സമയവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 28ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം ഒഴിയാനിരിക്കെയാണ് മാർ കൂറിലോസിന്റെ പ്രതികരണം.

താൻ ഫലസ്തീൻ ജനതയ്ക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Content Highlight: There are attempts to flourish Islamophobia in Kerala says Gee Varghese Mar Coorilose

We use cookies to give you the best possible experience. Learn more