ന്യൂദല്‍ഹി: രാജ്യത്തെ 36 ശതമാനം എം.എല്‍.എമാരും എം.പിമാരും ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നവര്‍. ആകെയുള്ള 4,896 പേരില്‍ 1,765 എം.എല്‍.എമാരും എം.പിമാരും 3,045 ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നു. സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചതാണ് ഈ കണക്കുകള്‍.
രാജ്യത്ത് ആദ്യമായാണ് എല്ലാ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ കണക്കുകള്‍ ഒരുമിച്ച് സ്വരൂപിച്ചിരിക്കുന്നത്. ഈ കേസുകളില്‍ വിചാരണ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുമായാണ് വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചത്.
കടപ്പാട്: ടൈംസ് ഒാഫ് ഇന്ത്യ
സംസ്ഥാനം തിരിച്ചുള്ള കണക്കാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്ളത്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ക്കായി മാത്രം എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് നേരത്തേ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കോടതികളിലേക്കാണ് കേസുകള്‍ വിചാരണയ്ക്കായി അയയ്ക്കുക.
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന ജനപ്രതിനിധികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. തമിഴ്നാട്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, കേരളം, ദല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നാലെ ഉള്ളത്.
ഉത്തര്‍പ്രദേശില്‍ 248 ജനപ്രതിനിധികള്‍ക്കെതിരെ 539 കേസുകളാണുള്ളത്. തമിഴ്നാട്ടില്‍ 178 ജനപ്രതിനിധികള്‍ക്കെതിരെ 324 കേസുകളും, ബീഹാറില്‍ 144 പേര്‍ക്കെതിരെ 306 കേസുകളും, പശ്ചിമ ബംഗാളില്‍ 139 പേരില്‍ 303 കേസുകളും, ആന്ധ്ര പ്രദേശില്‍ 132 പേര്‍ക്കെതിരെ 140 കേസുകളുമാണ് ഉള്ളത്. ആറാം സ്ഥാനത്തുള്ള കേരളത്തിലെ 114 ജനപ്രതിനിധികള്‍ക്കെതിരെ 373 കേസുകളാണ് ഉള്ളത്.
അതേസമയം മഹാരാഷ്ട്രയിലും ഗോവയിലുമുള്ള ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രം സമര്‍പ്പിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാത്തതാണ് ഇതിനു കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കടപ്പാട്: ടൈംസ് ഒാഫ് ഇന്ത്യ