കാലിഫോര്‍ണിയ: സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പായ ‘തെറാനോസ്’ സി.ഇ.ഒ ആയിരുന്ന എലിസബത്ത് ഹോംസിന് 11 വര്‍ഷം തടവ്. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലെ കോടതിയില്‍ യു.എസ് ജില്ലാ ജഡ്ജി എഡ്വേര്‍ഡ് ഡേവിലയാണ് ശിക്ഷ വിധിച്ചത്.
തെറാനോസിന്റെ രക്തപരിശോധനാ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തിയെക്കുറിച്ച് നിക്ഷേപകരെ കബളിപ്പിച്ച കേസിലാണ് എലിസബത്ത് ഹോംസ് ശിക്ഷിക്കപ്പെട്ടത്.
നിക്ഷേപകരെ കബളിപ്പിച്ചതിനും സാങ്കേതികവിദ്യയെക്കുറിച്ച് നുണ പറഞ്ഞതിനും മൂന്ന് മാസത്തെ വിചാരണയ്ക്ക് ശേഷം ഈ വര്‍ഷം ജനുവരിയില്‍ എലിസബത്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ഗര്‍ഭിണിയായ എലിസബത്ത് അടുത്ത വര്‍ഷം ഏപ്രില്‍ വരെ തടവില്‍ കഴിയേണ്ടതില്ല.
അമേരിക്കയില്‍ ആരോഗ്യരംഗത്തെ പ്രമുഖ ടെക്‌നോളജി സ്ഥാപനമായിരുന്ന തെറാനോസിന്റെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്ന എലിസബത്ത് ഹോംസിന്റെ ജീവിതം വലിയൊരു ദുരന്ത കഥയാണ്.
ആരാണ് എലിസബത്ത് ഹോംസ്
19ാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ 2013ലാണ് ഹോംസ് തെറാനോസ് ആരംഭിച്ചത്.
കുറഞ്ഞ കാലം കൊണ്ടുതന്നെ നല്ല അഭിപ്രായം നേടിയെടുക്കാന്‍ ഈ കമ്പനിയ്ക്ക് സാധിച്ചു. കുറഞ്ഞ ചെലവും മികച്ച റിസല്‍ട്ടും ഇവിടത്തെ പ്രത്യേകതകളായിരുന്നു.
സിറിഞ്ച്, സൂചി ഇവയൊന്നും ഉപയോഗിക്കാതെ തന്നെ വിരല്‍തുമ്പില്‍ നിന്ന് തുള്ളി രക്തമെടുത്ത് ഏത് രോഗത്തിനുള്ള രക്തപരിശോധനയും നടത്താന്‍ തെറാനോസ് ലാബില്‍ സൗകര്യമുണ്ടായിരുന്നു.
മറ്റിടങ്ങളില്‍ പരിശോധനയ്‌ക്കെടുക്കുന്ന രക്തത്തിന്റെ നൂറില്‍ ഒരു ശതമാനമോ ആയിരത്തില്‍ ഒരു ശതമാനമോ മാത്രമേ തെറാനോസ് ടെസ്റ്റുകള്‍ക്ക് ഉപയോഗിച്ചിരുന്നുള്ളു എന്ന് മാത്രമല്ല, പരിശോധന ഫലങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
രക്തത്തുള്ളികളില്‍ നിന്ന് കാന്‍സറും പ്രമേഹവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രഖ്യാപനം വന്‍ ഹിറ്റായതോടെ മാധ്യമഭീമന്‍ റുപര്‍ട്ട് മര്‍ഡോക്ക്, ടെക് ഭീമന്‍ ലാറി എല്ലിസണ്‍, വാള്‍മാര്‍ട്ട്, ഡിവോസ് മുതലായ വമ്പന്‍മാര്‍ തെറാനോസില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു.
‘അടുത്ത സ്റ്റീവ് ജോബ്സ്’ എന്ന് വരെ വാഴ്ത്തപ്പെട്ടിരുന്ന ഹോംസിനെ പ്രവര്‍ത്തന മികവും ആസ്തിയും പരിഗണിച്ച് 2014ല്‍ 30ാം വയസില്‍ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ സ്വയംപര്യാപ്ത ശതകോടീശ്വരിയായി ഫോര്‍ച്യൂണും ഫോബ്‌സും തെരഞ്ഞെടുത്തു.
എന്താണ് ഹോംസിന് സംഭവിച്ചത്
തെറാനോസില്‍ രക്തം പരിശോധിക്കാന്‍ എത്തുന്നവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുവെന്ന ആരോപണം വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വന്നതോടെ സംസ്ഥാന ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിട്ടു. തെറാനോസിന്റെ രക്തപരിശോധനാ സംവിധാനം പ്രവര്‍ത്തനക്ഷമമല്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കപ്പെട്ടു. തുടര്‍ന്ന് അന്വേഷണത്തില്‍ അത് കണ്ടെത്തി.
സ്വകാര്യ നിക്ഷേപകര്‍ 900 കോടി ഡോളര്‍ മതിപ്പുവില കണക്കാക്കി വാങ്ങിയ ഓഹരികള്‍ 80 കോടി ഡോളര്‍ മൂല്യത്തിലേക്ക് കൂപ്പുകുത്തിയതോടെ വന്‍ പ്രതിസന്ധിയിലായി. ഇതോടെ കമ്പനിയില്‍ എലിസബത്ത് ഹോംസിന്റെ ഓഹരിയുടെ മൂല്യം പൂജ്യമായി.
ഒരു സ്വകാര്യ കമ്പനിയായതിനാല്‍ രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങള്‍ കമ്പനി അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. എന്നിട്ടും ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ഊഹാപോഹങ്ങളുടെയും, മാധ്യമ റിപ്പോര്‍ട്ടുകളുടെയും മാത്രം അടിസ്ഥാനത്തിലുള്ളതാണെന്ന് തെറാനോസ് വക്താവ് ബ്രൂക്ക് ബുക്കാനന്‍ ആരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കമ്പനി തകര്‍ച്ചയിലായി.
അതിനിടെ 6.3 ലക്ഷം ഡോളര്‍ (ഏകദേശം 408 കോടി രൂപ) നഷ്ടപരിഹാരവും നല്‍കേണ്ടിവന്നിരുന്നു. യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് കമ്മീഷനാണ് പിഴ ഈടാക്കിയത്.
2016ല്‍ ഫോര്‍ച്യൂണ്‍ മാസിക പുറത്തുവിട്ട ‘മോസ്റ്റ് ഡിസപ്പോയിന്റിങ് ലീഡേഴ്‌സില്‍’ ഒരാളായി ഹോംസ് മാറി. പിന്നീട് 2018ല്‍ ഹോംസിന്റെ സ്വപ്‌ന പദ്ധതിയായ ‘തെറാനോസ്’ പൂര്‍ണമായും അടച്ചുപൂട്ടി.
ഹോംസിന്റെ കരിയര്‍, അവരുടെ കമ്പനിയുടെ ഉയര്‍ച്ച, വീഴ്ച എന്നിവയാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ജോണ്‍ കാരിറൗ എഴുതിയ ബാഡ് ബ്ലഡ്: സീക്രട്ട്‌സ് ആന്‍ഡ് ലൈസ് ഇന്‍ എ സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പ് (Bad Blood: Secrets and Lies in a Silicon Valley Startup). എച്ച്.ബി.ഒ ഡോക്യുമെന്ററിയായ ‘ദ ഇന്‍വെന്റര്‍: ഔട്ട് ഫോര്‍ ബ്ലഡ് ഇന്‍ സിലിക്കണ്‍ വാലി’ (The Inventor: Out for Blood in Silicon Valley) യും ഹോംസിനെ കുറിച്ചാണ്.
2022ല്‍ സെപ്റ്റംബറില്‍ റിലീസ് ചെയ്ത ‘ദ ഡ്രോപ്പ്ഔട്ട്’ (The Dropout) എന്ന സിനിമ ഹോംസിന്റെ ജീവിതം ആസ്പദമാക്കിയായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് നടി അമന്‍ഡ സെയ്ഫ്രിഡിന് എമ്മി അവാര്‍ഡ് ലഭിച്ചു.
ഒരിക്കല്‍ ബിസിനസിലൂടെ 30,000 കോടി രൂപ വരെ സമ്പാദിച്ച ‘അടുത്ത സ്റ്റീവ് ജോബ്സ്’ എന്ന് പോലും വിശേഷിപ്പിക്കപ്പെട്ട എലിസബത്താണ് ഇപ്പോള്‍ തടവറയും കാത്ത് കഴിയുന്നത്.
Content Highlight: Theranos founder Elizabeth Holmes sentenced 11 years in prison for defrauding; Who is Elizabeth Holmes?