സ്ഥാനാര്‍ത്ഥിയാകാന്‍ സുരേഷ് ഗോപിയെ നിര്‍ബന്ധിച്ചത് ബി.ജെ.പിയുടെ മനുഷ്യത്വമില്ലായ്മ; വിമര്‍ശനവുമായി തേറമ്പില്‍ രാധാകൃഷ്ണന്‍
Kerala
സ്ഥാനാര്‍ത്ഥിയാകാന്‍ സുരേഷ് ഗോപിയെ നിര്‍ബന്ധിച്ചത് ബി.ജെ.പിയുടെ മനുഷ്യത്വമില്ലായ്മ; വിമര്‍ശനവുമായി തേറമ്പില്‍ രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 12:14 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ തീരുമാനിച്ച ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാധാകൃഷ്ണന്‍.

ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ബന്ധിച്ചത് ബി.ജെ.പിയുടെ മനുഷ്യത്വമില്ലായ്മയാണെന്നും തേറമ്പില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ തന്നെ അദ്ദേഹത്തിന് വിശ്രമം വേണമെന്ന് പറയുന്ന സാഹചര്യമാണുള്ളത്. അദ്ദേഹം തന്നെ പറഞ്ഞു, പാര്‍ട്ടി നിര്‍ബന്ധിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ്. ഇങ്ങനെ ബി.ജെ.പി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും തേറമ്പില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി വരുമെന്നത് കുറെയായി കേള്‍ക്കുന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതാണ്. സുരേഷ് ഗോപി കഴിഞ്ഞതവണ ഒരു ഓളമുണ്ടാക്കി. അത് ശരിയാണ്. അദ്ദേഹം നല്ല നടനാണ്. പക്ഷെ രാഷ്ട്രീയക്കാരനെന്ന നിലയില്‍, തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല.

എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഇന്നത്തെ സാഹചര്യത്തില്‍, സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ബന്ധിച്ചത് മനുഷ്യത്വമില്ലായ്മയാണ്. കാരണം ആരോഗ്യപരമായി അദ്ദേഹം ബുദ്ധിമുട്ടുകയാണ്. ഡോക്ടര്‍മാര്‍ തന്നെ അദ്ദേഹത്തിന് വിശ്രമം വേണമെന്ന് പറയുന്ന സാഹചര്യമാണുള്ളത്. അദ്ദേഹം തന്നെ പറഞ്ഞു, പാര്‍ട്ടി നിര്‍ബന്ധിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ്. ഇങ്ങനെ ബി.ജെ.പി അദ്ദേഹത്തെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് എനിക്ക്.’ തേറമ്പില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപിയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി ഇന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ 11.30ഓടെ തൃശൂരില്‍ എത്തുന്ന അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയതിന് ശേഷമാണ് തൃശൂര്‍ കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കുക.

ബി.ജെ.പി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വോട്ട് വര്‍ദ്ധനവിനൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബി.ജെ.പിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷം ഗുണകരമാകുന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.

പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയില്‍ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Therambil Radhakrishnan About Suresh Gopi Candidateship