ഗുണത്തേക്കാള്‍ ദേഷമാണ് ചെയ്യുന്നതെങ്കില്‍ പ്രസ്താവന പിന്‍വലിക്കണം; നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ
പത്തനംതിട്ട: നര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ. പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാള്‍ ദേഷമാണ് ചെയ്‌തെങ്കില്‍ പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാവണെന്നും തിയഡോഷ്യസ് മാര്‍ത്തോമ്മാ പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പുകളും വിഭാഗീയതയും വളര്‍ത്തുന്നത് ശരിയല്ലെന്നും കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയാണ്. മതസൗഹാര്‍ദം ഉറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.
കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.
എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.
മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകരുതെന്നും മാര്‍ അപ്രേം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കത്തോലിക്ക സഭയുടെ ആശങ്ക ശരിയായിരിക്കാം. പക്ഷേ വിഷയത്തില്‍ കല്‍ദായ സുറിയാനി സഭയ്ക്ക് ആശങ്കയില്ലെന്നും കേരളത്തില്‍ ഇത് ചര്‍ച്ചയാക്കേണ്ടെന്നും ബിഷപ് മാര്‍ അപ്രേം പറഞ്ഞു.
നേരത്തെ പാല ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്ത് എത്തിയിരുന്നു. സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാര്‍ക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.
നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയ വി.ഡി. സതീശനും പി.ടി. തോമസിനും മാര്‍ കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. മുസ്‌ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.